കോഴിക്കോട്: പേരാമ്പ്രയില്‍ പള്ളിയിലെ നിക്കാഹ് വേദിയില്‍ വരനൊപ്പം വധു പങ്കെടുത്ത സംഭവം വിവാദമായതോടെ പ്രതികരിച്ച് വധുവിന്റെ സഹോദരന്‍. അപ്രതീക്ഷിതമായിട്ടാണ് സഹോദരിയുടെ നിക്കാഹ് വിവാദമായത്.
മഹല്ല് കമ്മിറ്റി പബ്ലിക്കായി നോട്ടീസിറക്കിയതാണ് കുടുംബത്തിന് സമ്മര്‍ദമായതെന്നും കഴിഞ്ഞ ദിവസം ചിലര്‍ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും സഹോദരന്‍ ഫാസില്‍ ഷാജഹാന്‍ പറഞ്ഞു. മഹല്ല് ഖാളിയുടെയും മഹല്ല് ജനറല്‍ സെക്രട്ടറിയുടെയും പൂര്‍ണ്ണ ആശിര്‍വാദത്തോടെയും ഔദ്യോഗിക അനുമതിയോടെയാണ് സഹോദരി നിക്കാഹില്‍ പങ്കെടുത്തതെന്ന് ഫാസില്‍ ഫേ്ബുക്കില്‍ കുറിച്ചു.
‘ഞങ്ങള്‍ ഏഴു മക്കളില്‍ അവസാനത്തെ പെങ്ങളുടെ വിവാഹ നിക്കാഹ് വിവാദമായത് തികച്ചും അപ്രതീക്ഷിതമായാണ്. മഹല്ല് ഖാളിയുടെയും മഹല്ല് ജനറല്‍ സെക്രട്ടറിയുടെയും പൂര്‍ണ്ണ ആശിര്‍വാദത്തോടെയും ഔദ്യോഗിക അനുമതിയോടെയും കൂടിയാണ് നിക്കാഹിന്റെ വേദിയില്‍ ഉപ്പയോടും വരനോടും നാനൂറോളം ബന്ധുജനങ്ങളോടും ഒപ്പം പെങ്ങള്‍ നിക്കാഹിനു പങ്കെടുത്തത്.
പലയിടത്തും ഇക്കാര്യം ചര്‍ച്ചാ വിഷയമായെങ്കിലും യാതൊരു പ്രതികരണവും ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. പിന്നീട് മഹല്ലുകമ്മിറ്റി തന്നെ പബ്ലിക്കായി ഒരു നോട്ടീസിറക്കിയതാണ് ഇപ്പോള്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നത്. ഇന്നലെ കുറച്ച് പയ്യന്‍സ് വീട്ടിലെത്തി ഭീഷണി മുഴക്കുകയും ചെയ്തു.
വിഷയം കുടുംബവുമായി ചര്‍ച്ച ചെയ്യുന്നതിനു പകരം ഗള്‍ഫിലേത് അടക്കമുള്ള വിവിധ വാട്സപ് ഗ്രൂപ്പുകളില്‍ വിഷയം ചര്‍ച്ചയ്ക്ക് ഇട്ടത് പക്വതയാര്‍ന്ന നടപടിയല്ല. ശേഷം പത്രക്കാരും ചാനലുകാരുമടക്കം നിരവധി ഫോണ്‍കോളുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. എല്ലാവരോടും മറുപടി പറയുക സാധ്യമല്ല’. ഫാസില്‍ ഷാജഹാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.