തിരുവനന്തപുരം: തൃശൂര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്ര ബോസിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതി വിവാദ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ വീണ്ടും കേസ്. സഹതടവുകാരനായ നസീറിന്റെ കാലില്‍ ചൂടുവെള്ളം ഒഴിച്ചു പൊള്ളിച്ചെന്ന പരാതിയിലാണ് പൂജപ്പുര പോലീസ് കേസെടുത്തത്.
ജയില്‍ സന്ദര്‍ശന വേളയില്‍ നസീര്‍ ജില്ലാ ജഡ്ജിക്ക് നല്കിയ പരാതിയിലാണ് നടപടി. ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് നിഷാം.
ജയിലില്‍ 12-ാം ബ്ലോക്കിലെ മേസ്തിരി കൂടിയാണ് കൊലക്കേസ് പ്രതിയായ പൊള്ളലേറ്റ നസീര്‍. ഈ ബ്ലോക്കില്‍ ജോലി ചെയ്യുന്ന ബിനു എന്ന തടവുകാരന് നിഷാമിന്റെ പ്രേരണയോടെ നസീറിന്റെ കാലില്‍ വെള്ളമൊഴിച്ചുവെന്നാണ് പരാതി. എന്നാല്‍ ജയില്‍ ബാര്‍ബര്‍ ഷോപ്പില്‍ സാമഗ്രികള്‍ അണുവിമുക്തമാക്കാന്‍ വെച്ചിരുന്ന ചൂടുവെള്ളം കാലില്‍ വീണെന്നു പറഞ്ഞാണ് നസീര്‍ ജയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. നസീറിന്റെ പരാതിയില്‍ ദുരൂഹതയുള്ളതായി പോലീസ് സംശയിക്കുന്നു.
തനിക്കെതിരെ ആരെങ്കിലും ആക്രമണം നടത്തിയെന്ന പരാതി നസീര്‍ ആദ്യം ഉന്നയിച്ചിരുന്നില്ല. ഇക്കാര്യം ജയില്‍ സൂപ്രണ്ടും സ്ഥിരീകരിച്ചു. സംഭവം നടക്കുമ്പോള്‍ നിഷാം ഒന്നാം ബ്ലോക്കിലായിരുന്നുവെന്നും ജലില്‍ അധികൃതര്‍ പോലീസിനെ അറിയിച്ചു.
2015 ലാണ് നിഷാം സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയത്. ഗേറ്റ് തുറക്കാന്‍ വൈകിയതിന് സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ നിഷാം മര്‍ദ്ദിച്ച് കാറിടിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഫെബ്രുവരി 16 ന് ചന്ദ്രബോസ് മരണപ്പെട്ടു. തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട നിഷാം വിയ്യൂര്‍, കണ്ണൂര്‍ ജയിലിലും ശിക്ഷ
അനുഭവിച്ചശേഷം ഇപ്പോള്‍ പൂജപ്പുരയിലുമാണ് കഴിയുന്നത്.
Discussion about this post