പത്തനംതിട്ട: കണ്ണൂര്‍ പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച രണ്ടര വയസുകാരി നുമ മോളുടെ ഉമ്മ നാദിറയെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍. പത്തനംതിട്ട കോന്നി കുമ്മണ്ണൂരിലെ വീട്ടിലെത്തിയാണ് നാദിറയെ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ കണ്ടത്. നാദിറയെ നിറഞ്ഞ കണ്ണുകളോടെയാണ് കളക്ടര്‍ സാന്ത്വനിപ്പിച്ചത്.
മലവെള്ളം കൈയ്യില്‍ നിന്നും നുമയെ കവര്‍ന്നെടുത്ത അപകടത്തെക്കുറിച്ച് കണ്ണീരോടെ നാദിറ കളക്ടറോട് പറഞ്ഞു. നാദിറയുടെ വേദനയില്‍ പങ്കുചേര്‍ന്നപ്പോള്‍ കളക്ടറുടെ അമ്മ മനസ്സും ഉണര്‍ന്നു, കരഞ്ഞുപോയി. നാദിറയെ ആശ്വസിപ്പിച്ച ശേഷമാണ് കളക്ടര്‍ അവിടെ നിന്നും മടങ്ങിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് ഉരുള്‍പൊട്ടലില്‍ നുമയുടെ ജീവന്‍ നഷ്ടപ്പെടുന്നത്. ഇവര്‍ താമസിക്കുന്ന ആരോഗ്യവകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സില്‍ തിങ്കളാഴ്ച രാത്രി 8.30-ഓടെയാണ് മലവെള്ളം ഇരച്ചുവന്നത്. കണിച്ചാര്‍ നെടുമ്പുറം ചാലില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നാണ് വെള്ളപ്പാച്ചില്‍ ഉണ്ടായത്.
കുഞ്ഞിനെയും കൊണ്ട് നുമയുടെ അമ്മ നദീറ പുറത്തേക്കോടിയെങ്കിലും മരക്കമ്പ് കൈയിലിടിച്ച് കുഞ്ഞിനെ നഷ്ടപ്പെടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട നദീറ തെങ്ങില്‍ തട്ടിനിന്നാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 2.30-ന് ആരോഗ്യകേന്ദ്രത്തിന്റെ 50 മീറ്റര്‍ അകലെയുള്ള തോട്ടില്‍നിന്ന് നുമയുടെ മൃതദേഹം കിട്ടിയത്.