മലപ്പുറം: മരണം കവർന്നെടുത്ത പ്രിയപ്പെട്ടവരെ മറക്കാനാകാതെ ഓരോ ദിവസവും വെന്തുരുകുന്നവർ നമുക്ക് ചുറ്റുമുണ്ട്. മക്കളെ നഷ്ടപ്പെട്ടവരും മാതാപിതാക്കളെ നഷ്ടപ്പെട്ടവരും സഹോദരങ്ങളെ നഷ്ടപ്പെട്ടവരുമെല്ലാം വിധിയുടെ ക്രൂരതയ്ക്കിരയായി 36 വർഷങ്ങൾക്ക് മുമ്പ് കുഞ്ഞായിരിക്കെ കുളത്തിൽ വീണ് മരണപ്പെട്ട സഹോദരനെ കുറിച്ച് അനിയൻ കുറിച്ച കുറിപ്പാണ് ഇപ്പോൾ നോവാകുന്നത്.
എടവണ്ണ സ്വദേശി അംജദ് വടക്കനാണ് 36 വർഷം മുമ്പ് മരിച്ചുപോയ, താൻ കണ്ടിട്ടുപോലുമില്ലാത്ത ജ്യേഷ്ഠ സഹോദരനെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മരിക്കുമ്പോൾ തന്റെ ജ്യേഷ്ഠന് മൂന്ന് വയസ് മാത്രം ആയിരുന്നു പ്രായമെന്നും ഈ ജ്യേഷ്ഠന്റെ കുഞ്ഞുടുപ്പ് ഇപ്പോഴും ഉമ്മയുടെ അലമാരയിൽ ഭദ്രമായുണ്ടെന്നും അംജദ് പറയുന്നു.
അംജദിന്റെ കുറിപ്പ് ഇങ്ങനെ:
ചെറിയ പെരുന്നാളിന് ഇട്ടതിന് ശേഷം അലക്കി, വൃത്തിയാക്കി മടക്കി വെച്ച ഒരു പുത്തൻ കുഞ്ഞുടുപ്പ് ഇപ്പോഴും എന്റെ ഉമ്മാന്റെ അലമാരയിൽ, വല്യ പെരുന്നാളും കാത്തിരിപ്പുണ്ട്. 36 വർഷമായി ആ കാത്തിരിപ്പ് തുടരുകയാണ്. ആ കുഞ്ഞുടുപ്പിടാനുള്ള പൊന്നുമോൻ ഇനി ഒരിക്കലും ഈ ലോകത്തേക്ക് വരില്ലെന്നുമ്മാക്ക് നല്ല ബോധ്യമുണ്ട്. എന്നാലും ഉമ്മ ഇടക്ക് അതൊന്നെടുത്ത് ഉമ്മ വെക്കും. ദു:ഖം കനം വെക്കുന്ന ഓർമകൾ ചികഞ്ഞെടുത്ത് ഒരു നെടുവീർപ്പിടും. നഷ്ടപ്പെട്ട മോന് വേണ്ടി പ്രാർത്ഥിക്കും.
മൂന്നാമത്തെ വയസിലാണ് എന്റെ അംജുക്ക തറവാട് കുളത്തിൽ മുങ്ങി മരിച്ചത്. അവന്റെ ഒരു ഫോട്ടോ പോലും മൂന്ന് വർഷത്തിനിടയിൽ എടുക്കാതിരുന്നതും ഒരു ദൈവനിശ്ചയമായിരുന്നേക്കാം. ആ കുസൃതികളും പുഞ്ചിരികളും ഹൃദയം കൊണ്ട് മാത്രം ചികഞ്ഞെടുത്താൽ മതി എന്ന് നാഥൻ തീരുമാനിച്ചു കാണണം.
ALSO READ- റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്; നായകൻ ഷാഹിദ് കപൂർ
1986 ലാണ് ജ്യേഷ്ടൻ അംജദ് മരിച്ചത്. രണ്ട് വർഷത്തിന് ശേഷം ഉമ്മ എന്നെ പ്രസവിച്ചു. ആൺകുട്ടി ആണെങ്കിൽ അംജദ് തന്നെ മതി പേര് എന്ന് ഉമ്മ ആദ്യമേ തീരുമാനിച്ചിരുന്നു. ആ ഓർമകൾ മനസിലേക്ക് വരില്ലേ ,അപ്പോൾ വിഷമമാകില്ലേ എന്നൊക്കെ പലരും പറഞ്ഞിരുന്നു ഉമ്മാനോട്.. എനിക്കാ പേര് വിളിച്ച് പൂതി തീർന്നിട്ടില്ല അതോണ്ട് പേര് അംജദ് തന്നെ മതി എന്ന് ഉമ്മ തീരുമാനിച്ചു.
മാതാപിതാക്കൾ ഉള്ളപ്പോൾ മക്കൾ വേർപ്പെട്ടു പോകുന്നത് ഒരു ദു:ഖ കടൽ തന്നെയാണ്. നാഥാ എന്റെ ഉപ്പാനെയും ഉമ്മാനെയും അനുഗ്രഹിക്കണേ.. നാളെ ഞങ്ങളെ എല്ലാവരെയും സ്വർഗത്തിൽ അംജുക്കാന്റെ കൂടെ ഒരുമിപ്പിക്കണേ… ആമീൻ…