ആലപ്പുഴ: കളക്ടറായി ചുമതലയേറ്റതിന് പിന്നാലെ തന്നെ അവധി പ്രഖ്യാപിച്ച് വിദ്യാർത്ഥികളുടെ കണ്ണിലുണ്ണിയായി മാറിയ ആലപ്പുഴ കളക്ടർ കൃഷ്ണ തേജ ഐഎഎസ് മണിക്കൂറുകൾക്കകം നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരിക്കുകയാണ്.
ജില്ലാ കലക്ടറായി ചുമതലയേറ്റ ആദ്യത്തെ കൃഷ്ണ തേജയുടെ ഉത്തരവ് തന്നെ മഴക്കെടുതി കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതാണ്. മുൻപ് ആലപ്പുഴയിൽ സബ് കലക്ടർ ആയും സേവനം ചെയ്ത കൃഷ്ണതേജയ്ക്ക് ഈ നാട് അന്യമല്ല.
പ്രളയകാലത്തുള്ള സബ് കലക്ടറുടെ സേവനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു മഴക്കാലത്ത് ആലപ്പുഴയിലേക്ക് ജില്ലാകളക്ടറായി അപ്രതീക്ഷിതമായി എത്താനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനൊപ്പം കുട്ടികൾക്കായി നല്ലൊരു കുറിപ്പും കളക്ടർ എഴുതിയിരുന്നു.
”പ്രിയ കുട്ടികളെ, ഞാൻ ആലപ്പുഴ ജില്ലയിൽ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങൾക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്. നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.” എന്ന കുറിപ്പിനൊപ്പം ചില നിർദേശങ്ങളും കളക്ടർ നൽകിയിരുന്നു.
തൊട്ടടുത്ത ദിവസം അവധി പ്രഖ്യാപിച്ചപ്പോഴും കുട്ടികൾക്കായുള്ള നിർദേശങ്ങളും മാതാപിതാക്കളോട് സ്നേഹം കാണിക്കണമെന്നുമൊക്കെ കളക്ടർ ഉപദേശിച്ചിരുന്നു. ഇപ്പോഴിതാ കളക്ടർ മുൻപ് നടത്തിയ ഒരു പ്രസംഗം വൈറലായിരിക്കുകയാണ്. ആലപ്പുഴ പൂങ്കാവിലുള്ള മേരി ഇമ്മാക്കുലേറ്റ് സ്കൂളിൽ നടത്തിയ ഒരു ക്ലാസാണ് കളക്ടറുടെ അനുഭവങ്ങൾ വിവരിച്ചതിലൂടെ വൈറലായത്.
മൂന്നുവട്ടം ഐഎഎസ് എന്ന കടമ്പയ്ക്ക് മുന്നിൽ മുട്ടകുത്തിയതും സാമ്പതതിക പ്രയാസങ്ങൾ ഇല്ലാതെ പഠിക്കാനായി പഠനത്തിനൊപ്പം ജോലിക്കു പോയിരുന്നതും എല്ലാമാണ് കൃഷ്ണ തേജ വിവരിക്കുന്നത്.
കളക്ടറുടെ വാക്കുകൾ ഇങ്ങനെ:”വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് എന്റെ ജീവിതം കൊണ്ടുതന്നെ അറിയാം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ ഒരു ശരാശരി വിദ്യാർഥിയായിരുന്നു. എട്ടാം ക്ലാസിലേക്ക് കടന്നപ്പോൾ വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. അതോടെ എന്നോട് പഠനം നിർത്തി ജോലിക്ക് പോകാൻ എല്ലാവരും പറഞ്ഞു. പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിർത്താൻ താൽപര്യം ഇല്ലായിരുന്നു. പഠനം തുടരാൻ പണമുണ്ടായിരുന്നില്ല.
തുടർന്നാണ് അയൽവാസി വീട്ടിലേക്ക് വന്നു പഠനം തുടരണമെന്നും സഹായിക്കാമെന്നും പറഞ്ഞത്. പക്ഷേ, അമ്മക്ക് ഒരാളിൽ നിന്നും സൗജന്യസഹായം വാങ്ങുന്നത് താൽപര്യം ഇല്ലായിരുന്നു. അങ്ങനെ പഠനം തുടരാനായി ക്ലാസ് കഴിഞ്ഞെത്തിയ ശേഷം വൈകുന്നേരം ആറ് മണിമുതൽ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയിൽ ജോലിക്ക് പോകാൻ തുടങ്ങി. പത്താം ക്ലാസ് വരെ ഈ ജോലി തുടർന്നു.
എന്നിട്ട് നന്നായി പഠിച്ചു. പത്താം ക്ലാസും ഇന്റർമീഡിയറ്റും ടോപ്പറായി. വൈകാതെ, എഞ്ചിനീയറിങ് ഗോൾഡ് മെഡലിസ്റ്റ് ആയി. പഠനശേഷം എനിക്ക് ഐബിഎമ്മിൽ ജോലിക്ക് കയറി. തുടർന്ന് സുഹൃത്തിന്റെ പ്രേരണ കാരണമാണ് ഐഎഎസ് പരിശീലനത്തിന് പോയത്. ജോലിയും പഠനവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിച്ചില്ല. ഇതോടെ ജോലി ഉപേക്ഷിച്ചു പഠിക്കാനാരംഭിച്ചു.
എന്നാൽ, 15 മണിക്കൂറോളം പഠിച്ചിട്ടും മൂന്നുവട്ടം പരീക്ഷയിൽ പരാജയപ്പെട്ടു. ആത്മവിശ്വാസം നഷ്ടപ്പെട്ടതോടെ പഠനം ഉപേക്ഷിച്ച് തിരികെ ജോലിക്ക് പോകാൻ തീരുമാനിച്ചു. ഈ സമയത്തും എന്തുകൊണ്ടാണ് തോറ്റുപോയതെന്ന് ഒരു മാസം ആചോചിച്ചിട്ടും ഉത്തരം ലഭിച്ചില്ല.
ജോലിക്ക് തിരികെ ചേരുന്നത് അറിഞ്ഞപ്പോഴാണ് ചില ശത്രുക്കൾ തേടി വന്നത്. അവരോടും തോൽവി എന്തുകൊണ്ടാണെന്ന് ഞാൻ ചോദിച്ചു. അവർ മൂന്നു കാരണങ്ങൾ ആണ് ചൂണ്ടിക്കാണിച്ചത്. എഴുത്ത് പരീക്ഷയിൽ 2000 മാർക്ക് എങ്കിലും കുറഞ്ഞത് കിട്ടണം. തന്റെ കയ്യക്ഷരം വളരെ മോശം ആണ്. പോയിന്റു മാത്രം എഴുതിയാൽ മാർക്ക് കിട്ടില്ല. പാരഗ്രാഫ് ആയി വിശദമായി തന്നെ ഉത്തരം എഴുതണം. നേരേ വാ നേരേ പോ എന്ന രീതിയിൽ ഉത്തരം എഴുതിയാൽ ഒന്നും ശരിയാകില്ല, വളരെ ഡിപ്ലോമാറ്റിക് ആയി ഉത്തരം എഴുതണമെന്നും അവർ ഉപദേശിച്ചു. പിന്നീട് നാലാമത്തെ തവണ തന്റെ പോരായ്മകൾ പരിഹരിച്ച് പരീക്ഷ എഴുതി. 66-ാം റാങ്ക് നേടിയാണ് ഐഎഎസ് കരസ്ഥമാക്കിയത്’.
Discussion about this post