കണ്ണൂര്‍: മലബാറിലെ പുരാതന മുസ്ലിം കുടുംബങ്ങളില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയായ മറിയുമ്മ ഇനി ഓര്‍മ്മ. തലശ്ശേരി ടിസി മുക്കിലെ പുതിയ മാളിയേക്കല്‍ തറവാട്ടിലെ പിഎം മറിയുമ്മ (99) അന്തരിച്ചു.
മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിന്നിരുന്ന കാലത്ത് സമുദായത്തില്‍ നിന്ന് കോണ്‍വന്റ് സ്‌കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാളിയേക്കല്‍ മറിയുമ്മ. സ്വാതന്ത്ര്യത്തിന് മുമ്പ് 1938 ലാണ് മറിയുമ്മ കോണ്‍വെന്റില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചത്.
മാംഗ്ലൂര്‍ നണ്‍സ് നടത്തുന്ന തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലാണ് ഇന്നത്തെ പത്താക്ലാസിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്. 1943 ലായിരുന്നു മറിയുമ്മയുടെ വിവാഹം. അതുവരെ മറിയുമ്മ സ്‌കൂളില്‍ പോയിരുന്നു. പത്താം തരത്തിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പോയി. പിന്നീട് ഗര്‍ഭിണിയായപ്പോള്‍ വീട്ടിലിരുന്ന് പഠിക്കാനും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും തുടങ്ങി. മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു.
സ്ത്രീകള്‍ക്ക് വേണ്ടിയുള്ള തയ്യല്‍ ക്ലാസ്സുകള്‍ സാക്ഷരതാ ക്ലാസ്സുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ മറിയുമ്മ സജീവമായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ സാക്ഷരതാ ക്ലാസ്സുകള്‍ തുടങ്ങുന്നതിനും എത്രയോ മുമ്പ് തന്നെ മറിയുമ്മ തനിക്ക് ചുറ്റുമുള്ള നിരക്ഷരരായ സ്ത്രീകളെ സാക്ഷരരാക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.