നിലമ്പൂര്‍ മുതീരി കെടി ഷരീഫയുടെ വീട്ടിലാണ് സംഭവം. ഷരീഫയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. സിവില്‍ പോലീസ് ഓഫിസറായ മകന്‍ ജോലിക്ക് പോയതായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെ ടെറസിലെ വാതില്‍ വഴി അകത്തുകടന്ന മോഷ്ടാവ്, അലമാരയുടെ മുകളില്‍ വച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് തുറന്ന് 60,000 രൂപ എടുത്തു.
മൊബൈല്‍ ഫോണിന്റെ വെളിച്ചം കണ്ട് ഷരീഫയുടെ മകള്‍ ഉണര്‍ന്നെങ്കിലും സംശയകരമായി ഒന്നും കണ്ടില്ല. ഈ സമയത്ത് വീടിനകത്ത് ഒളിച്ച കള്ളന്‍ പിന്നീട് ഇരുവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമാണ് മോഷണം തുടര്‍ന്നത്.
ഷരീഫയുടെ മകള്‍ ധരിച്ചിരുന്ന പാദസരം മുറിച്ചെടുത്തു. ഷരീഫയുടെ കഴുത്തിലെ മാല പൊട്ടിച്ചപ്പോള്‍ ഉണര്‍ന്നു നിലവിളിച്ചതോടെ നേരത്തേ തുറന്നുവച്ച മുന്‍വാതില്‍ വഴി രക്ഷപ്പെട്ടു. ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന 2000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. നാട്ടുകാര്‍ പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ നടത്തി. കള്ളനെന്നു സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.