മലപ്പുറം: 36 വര്‍ഷങ്ങള്‍ക്ക് മുമ്പ് അകാലത്തില്‍ മരണപ്പെട്ട സഹോദരനെ കുറിച്ച് നൊവുന്ന ഓര്‍മ്മ പങ്കുവച്ച് ഇളയ സഹോദരന്‍. കുളത്തില്‍ വീണ് മരണപ്പെട്ട സഹോദരനെ കുറിച്ച് ഇളയ സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഏവരുടെയും ഹൃദയത്തില്‍ തൊടുന്നത്.
എടവണ്ണ സ്വദേശി അംജദ് വടക്കനാണ് താന്‍ കണ്ടിട്ടുപോലുമില്ലാത്ത സഹോദരനെ കുറിച്ചും, ഉമ്മ സൂക്ഷിച്ചുവച്ചിരിക്കുന്ന സഹോദരന്റെ കുഞ്ഞുടുപ്പിനെ കുറിച്ചും പറയുന്നത്. മരിക്കുമ്പോള്‍ ജ്യേഷ്ഠന് മൂന്ന് വയസ് മാത്രം ആയിരുന്നു പ്രായമെന്നും ചേട്ടന്റെ കുഞ്ഞുടുപ്പ് ഇപ്പോഴും ഉമ്മയുടെ അലമാരയില്‍ ഭദ്രമായിരിക്കുന്നുണ്ടെന്നും അംജദ് പറയുന്നു.
ചെറിയ പെരുന്നാളിന് ഇട്ടതിന് ശേഷം അലക്കി, വൃത്തിയാക്കി മടക്കി വെച്ച ഒരു പുത്തന്‍ കുഞ്ഞുടുപ്പ് ഇപ്പോഴും എന്റെ ഉമ്മാന്റെ അലമാരയില്‍, വല്യ പെരുന്നാളും കാത്തിരിപ്പുണ്ട്. 36 വര്‍ഷമായി ആ കാത്തിരിപ്പ് തുടരുകയാണ്.
ആ കുഞ്ഞുടുപ്പിടാനുള്ള പൊന്നുമോന്‍ ഇനി ഒരിക്കലും ഈ ലോകത്തേക്ക് വരില്ലെന്നുമ്മാക്ക് നല്ല ബോധ്യമുണ്ട്. എന്നാലും ഉമ്മ ഇടക്ക് അതൊന്നെടുത്ത് ഉമ്മ വെക്കും. ദു:ഖം കനം വെക്കുന്ന ഓര്‍മകള്‍ ചികഞ്ഞെടുത്ത് ഒരു നെടുവീര്‍പ്പിടും. നഷ്ടപ്പെട്ട മോന് വേണ്ടി പ്രാര്‍ത്ഥിക്കും.
മൂന്നാമത്തെ വയസിലാണ് എന്റെ അംജുക്ക തറവാട് കുളത്തില്‍ മുങ്ങി മരിച്ചത്. അവന്റെ ഒരു ഫോട്ടോ പോലും മൂന്ന് വര്‍ഷത്തിനിടയില്‍ എടുക്കാതിരുന്നതും ഒരു ദൈവനിശ്ചയമായിരുന്നേക്കാം. ആ കുസൃതികളും പുഞ്ചിരികളും ഹൃദയം കൊണ്ട് മാത്രം ചികഞ്ഞെടുത്താല്‍ മതി എന്ന് നാഥന്‍ തീരുമാനിച്ചു കാണണം.
1986 ലാണ് ജ്യേഷ്ടന്‍ അംജദ് മരിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം ഉമ്മ എന്നെ പ്രസവിച്ചു. ആണ്‍കുട്ടി ആണെങ്കില്‍ അംജദ് തന്നെ മതി പേര് എന്ന് ഉമ്മ ആദ്യമേ തീരുമാനിച്ചിരുന്നു. ആ ഓര്‍മകള്‍ മനസിലേക്ക് വരില്ലേ, അപ്പോള്‍ വിഷമമാകില്ലേ എന്നൊക്കെ പലരും പറഞ്ഞിരുന്നു ഉമ്മാനോട്.. എനിക്കാ പേര് വിളിച്ച് പൂതി തീര്‍ന്നിട്ടില്ല അതോണ്ട് പേര് അംജദ് തന്നെ മതി എന്ന് ഉമ്മ തീരുമാനിച്ചു.
മാതാപിതാക്കള്‍ ഉള്ളപ്പോള്‍ മക്കള്‍ വേര്‍പ്പെട്ടു പോകുന്നത് ഒരു ദു:ഖ കടല്‍ തന്നെയാണ്. നാഥാ എന്റെ ഉപ്പാനെയും ഉമ്മാനെയും അനുഗ്രഹിക്കണേ.. നാളെ ഞങ്ങളെ എല്ലാവരെയും സ്വര്‍ഗത്തില്‍ അംജുക്കാന്റെ കൂടെ ഒരുമിപ്പിക്കണേ… ആമീന്‍…