പത്തനംതിട്ട: തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിൽ നടന്ന ഒരു പിറന്നാൾ ആഘോഷമാണ് ഇപ്പോൾ മലയാള മണ്ണിന്റെ മനസ് നിറയ്ക്കുന്നത്. ആ സ്‌നേഹം നിറഞ്ഞ പിറന്നാൾ ആഘോഷത്തിന് ചുക്കാൻ പിടിച്ചതാകട്ടെ ക്യാംപിൽ കാവൽ ഡ്യൂട്ടിക്കു വന്ന അടൂർ എആർ ക്യാംപിലെ ഹബീബുല്ല എ.ജി. എന്ന സീനിയർ പോലീസ് ഓഫിസറും.
അശ്വലാൽ, ദേവൂ എന്നീ കുട്ടികളുടെ പിറന്നാൾ ആണ് ക്യാംപിൽ കേക്കു മുറിച്ച് ആഘോഷിച്ചത്. കേക്ക് വാങ്ങി സമ്മാനിച്ചത് ഈ പോലീസുകാരൻ തന്നെയാണ്. രാവിലെ അശ്വലാൽ ഹബീബുല്ലയ്ക്ക് മിഠായി നൽകിയതാണ് ആഘോഷത്തിന്റെ തുടക്കം. എന്തിനാണ് മധുരം നൽകിയതെന്ന ചോദ്യത്തിന് എന്റെ പിറന്നാളാണ് എന്നാണ് അശ്വലാൽ മറുപടി നൽകിയത്.
”കേക്കില്ലേ” എന്ന ചോദ്യത്തിന് ”കാശില്ല സാറെ” എന്നായിരുന്നു അശ്വലാലിന്റെ മറുപടി. ഇതോടെ പിറന്നാൾ ആഘോഷം കളർഫുൾ ആക്കാൻ ഹബീബുല്ല തീരുമാനിച്ചു. അശ്വലാലിന് കേക്കു വാങ്ങാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ക്യാംപിലെ കോഓർഡിനേറ്റർ മറ്റൊരു വിവരം പറഞ്ഞത്. തലേനാൾ ക്യാംപിലെ ദേവൂ എന്ന കുട്ടിയുടെയും പിറന്നാളായിരുന്നു.
പിന്നെ, ഒട്ടും സമയം പാഴാക്കിയില്ല, പിറന്നാൾ ദിനമായിരുന്ന ദേവുവിനും കിട്ടി മനോഹരമായ ഒരു കേക്ക്. ഇതു വാങ്ങാനുള്ള കാശും ഹബീബുല്ല തന്നെ നൽകി. ദുരിതപെയ്ത്തിനിടയിലും ക്യാംപിലുള്ളവർ സന്തോഷത്തോടെ കേക്കുകൾ മുറിച്ച് പിറന്നാൾ ആഘോഷം കെങ്കേമമാക്കി.