തിരുവനന്തപുരം: അമ്മയും അച്ഛനും ചെറുപ്രായത്തിൽ നഷ്ടപ്പെട്ട ഹരീഷ് ഇന്ന് ലക്ഷങ്ങളുടെ ബാധ്യത എങ്ങനെ തീർക്കും എന്നറിയാതെ പകട്ടുനിൽക്കുകയാണ്. കഥകളി-ചെണ്ട കലാകാരനായ കലാമണ്ഡലം ഹരീഷിന്റെ ജീവിതം ആരുടേയും ഉള്ളുനോവിക്കും. അമ്മയെ അച്ഛൻ തന്റെ കൺമുന്നിൽ വെച്ച് കുത്തിക്കൊല്ലുമ്പോൾ ഹരീഷിന് പ്രായം പത്ത് വയസായിരുന്നു. കേസിൽ പരോളിലിറങ്ങി അച്ഛൻ ജീവനൊടുക്കിയതോടെ തീർത്തും അനാഥനായി.
തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശിയാണ് കഥകളി-ചെണ്ട കലാകാരനായ ഹരീഷ്. ഒരു തിരുവോണ തലേന്നാണ് അമ്മയെ അച്ഛൻ കൺമുന്നിലിട്ട് കുത്തികൊലപ്പെടുത്തിയത്. കേസിലെ സാക്ഷിയായിരുന്നു ഹരീഷ്. അച്ഛനെ രക്ഷിക്കാനായി കോടതിയിൽ കള്ളം പറയാൻ പലരും നിരബന്ധിച്ചിട്ടും സത്യം വിളിച്ചുപറഞ്ഞ ഹരീഷിനോട് അച്ഛൻ പ്രതീകാരം തീർത്തത് സ്വന്തം സ്വത്ത് അന്യാധീനപ്പെടുത്തിയായിരുന്നു.
ജീവപര്യന്തം ശിക്ഷ കിട്ടി പരോളിലിറങ്ങിയ ഹരീഷിന്റെ പിതാവ് മുഴുവൻ സ്വത്തുക്കളും സ്വന്തം സഹോദരിക്ക് എഴുതി നൽകി ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നീട് അനാഥനായിപ്പോയ ഹരീഷിന് തുണയായി ഉണ്ടായിരുന്നത് അപ്പൂപ്പനും അമ്മൂമ്മയുമാണ്. ഇരുവരും മരിച്ചിട്ട് വർഷങ്ങളായി.
ALSO READ- സിഡിഎം മെഷീനിൽ നിന്നും കവർന്നത് ലക്ഷങ്ങൾ; തൃശൂരിൽ സമാനമായ രണ്ട് സംഭവങ്ങൾ; പോലീസ് അന്വേഷണം
കഥകളി പഠിക്കാൻ കലാമണ്ഡലത്തിൽ ചേർന്നെങ്കിലും പരിപാടിക്കിടെയുണ്ടായ പരുക്ക് വില്ലനായതോടെ പഠനം മുടങ്ങി. അങ്ങനെയാണ് ചെണ്ടമേളത്തിലേക്ക് എത്തിയത്. കടം വാങ്ങി തുടങ്ങിയ ചെണ്ടമേള സംഘം കോവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലായി. ബാങ്കുകളിൽ നിന്നെടുത്ത വായ്പ മുടങ്ങിയതോടെ ലക്ഷങ്ങളുടെ ബാധ്യതയായി. താമസിക്കുന്ന വീടെന്ന് പറയാവുന്ന ഇടവും ജപ്തി ഭീഷണിയിലാണ്. 14 ലക്ഷമായി സാമ്പത്തിക ബാധ്യത ഉയർന്നു. കുട്ടികളെ ചെണ്ട അഭ്യസിപ്പിച്ചാണ് ഇപ്പോഴത്തെ ഉപജീവനം.
ALSO READ- ദുബായിൽ മരിച്ച കോഴിക്കോട്ടെ വ്‌ലോഗർക്ക് വിവാഹസമയത്ത് പ്രായപൂർത്തി ആയിരുന്നില്ല; ഭർത്താവ് മെഹ്നാസ് പോക്‌സോ കേസിൽ അറസ്റ്റിൽ
വീട് ജപ്തിയായാൽ പോകാൻ പോലും ഹരീഷിന് ഒരിടമില്ല. സഹായം തേടി പലയിടത്തും അലഞ്ഞെങ്കിലും ഒന്നും ശരിയായില്ല. ബാധ്യതകൾ തീർത്ത് പുതിയൊരു ജീവിതം തുടങ്ങാൻ എന്തെങ്കിലും വഴി തെളിയുമെന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരൻ.