കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് രാവിലെ കലക്ടര്‍ രേണുരാജ് അവധി പ്രഖ്യാപിച്ചത് വിവാദമായിരിക്കെയാണ്. കുട്ടികള്‍ സ്‌കൂളില്‍ എത്തിയ ശേഷമാണ് കലക്ടറുടെ അവധി പ്രഖ്യാപനം വന്നത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.
പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി കൊടുക്കുന്നുണ്ടെങ്കില്‍ അത് പ്രഖ്യാപിക്കേണ്ടത് തലേന്നാണെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു. പത്ര-ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ ജില്ലയിലെ മുക്കിലും മൂലയിലുമുള്ള ജനങ്ങളെ മുഴുവന്‍ അതറിയിക്കാനുള്ള സമയം കിട്ടണമെന്നും ഹരീഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഐഎഎസ് അക്കാദമിയില്‍ ശരിക്കും പബ്ലിക് അഡ്മിനിസ്ട്രേഷന്‍ പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ടോ? ക്രൈസിസ് മാനേജ്‌മെന്റ് പഠിപ്പിക്കുന്നുണ്ടോ? ഉണ്ടാവണം. എല്ലാ സ്ഥലത്തും വിവരമെത്തിക്കാനുള്ള സമയം അവധി പ്രഖ്യാപിക്കുമ്പോഴുണ്ടാകണം. മാധ്യമവാര്‍ത്തകള്‍ എത്താത്ത സ്ഥലങ്ങളും ജില്ലയിലുണ്ടെന്നും അവിടെയൊക്കെയും മനുഷ്യര്‍ സ്‌കൂളില്‍ മക്കളെ അയക്കുന്നുണ്ടെന്നും കളക്ടര്‍ മനസിലാക്കണം. ഫേസ്ബുക്ക് എന്ന മാധ്യമമില്ലാത്ത മനുഷ്യരും നാട്ടിലുണ്ട്. പൊതുഭരണത്തില്‍ അതല്ല ഒഫീഷ്യല്‍ വിനിമയമാര്‍ഗം.
ലീവ് ഉണ്ടെന്ന് അറിഞ്ഞാല്‍, ആ സാഹചര്യം മനസിലാക്കി കുടുംബത്തിനുള്ളിലെ അത് മാനേജ് ചെയ്യാനുള്ള സംവിധാനമൊരുക്കാനുള്ള മതിയായ സമയം മാതാപിതാക്കള്‍ക്ക് കിട്ടണം. ഇല്ലെങ്കില്‍ അവര്‍ക്കത് വലിയ ക്രൈസിസാണെന്നും ഹരീഷ് പറഞ്ഞു.
‘പൊതു ക്രൈസിസ് ഒഴിവാക്കുന്നത് ഇന്റിവിഡ്വല്‍ ക്രൈസിസുകള്‍ ഉണ്ടാക്കിയാവരുത്. കുട്ടംപുഴയിലും മലയാറ്റൂരുമുള്ളവര്‍ക്കും കലൂരും പാലാരിവട്ടത്തും ഉള്ളവര്‍ക്ക് കിട്ടുന്ന ഇന്‍ഫര്‍മേഷന്‍ ആക്സെസ് പ്രിവിലേജ് കിട്ടണം.
വിദ്യാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ കൂടി ഡിസിഷന്‍ മെയ്ക്കിങ് പ്രോസസില്‍ നിര്‍ണായകമാണ്. അവരെല്ലാം രാവിലെ കുട്ടികളുമായി സ്‌കൂളിലെത്തിയ ശേഷമോ എത്തുന്ന വഴിയിലോ ആണ് പൊടുന്നനെ അറിയിപ്പ് വരുന്നതെങ്കില്‍, കുട്ടികളെ തിരിച്ചു വിളിക്കാനുള്ള ശ്രമം അപ്പോള്‍ത്തന്നെ തുടങ്ങും. അനാവശ്യമായി റോഡില്‍ ട്രാഫിക്ക് ഇരട്ടിയാകും.
ലീവ് പ്രഖ്യാപനം ഇങ്ങനെ വൈകിയാല്‍ അതുകൊണ്ടുണ്ടാകുക, നേര്‍വിപരീത ഫലമാണ്. കമാണ്ടുകള്‍ തെറ്റായാലും ശരിയായാലും ക്ലാരിറ്റി ഉണ്ടാവുക, തെറ്റിദ്ധാരണ ഉണ്ടാക്കാതിരിക്കുക എന്നതാണ് ക്രൈസിസ് മാനേജ്മന്റിന്റെ പ്രാഥമിക പാഠങ്ങളിലൊന്ന് എന്നാണെന്റെ പരിമിതമായ അറിവ്. അതുകൊണ്ട് മേല്‍പ്പറഞ്ഞ സമയം കിട്ടുന്നില്ലായെങ്കില്‍ പ്രഖ്യാപനം പാടില്ലെന്നതാണ് മര്യാദ. ഓറഞ്ച് അലര്‍ട്ട് മിനിഞ്ഞാന്ന് മുതലുണ്ട്, സാഹചര്യം ഇന്ന് രാവിലെ മാറിയിട്ടില്ല.
ഇത് ഒരാളോടല്ല, ആണെങ്കില്‍ വ്യക്തിപരമായി കണ്ട് പറയാമായിരുന്നു. പബ്ലിക് അഡ്മിനിസ്ട്രേഷനോടുള്ള പൊതുവായ നിര്‍ദ്ദേശമോ അഭിപ്രായമോ ആണ്. എല്ലാ കളക്ടര്‍മാര്‍ക്കും ഇതൊക്കെ ശ്രദ്ധിക്കാം. മാതാപിതാക്കളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് കമന്റില്‍ ഉപന്യസിക്കാന്‍ വരുന്നവര്‍ കമന്റിട്ടു സമയം മെനക്കെടുത്തരുത്. അതല്ല പോസ്റ്റിലെ വിഷയം,’ ഹരീഷ് വാസുദേവന്‍ കൂട്ടിച്ചേര്‍ത്തു.
മഴ കനത്ത സാഹചര്യത്തില്‍ എറണാങ്കുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രാവിലെ അവധി പ്രഖ്യാപിച്ച കളക്ടറുടെ നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഹരീഷിന്റെ പ്രതികരണം. കുട്ടികള്‍ സ്‌കൂളില്‍ എത്തിയതിന് ശേഷം പ്രഖ്യാപിച്ച അവധി ഏറെ ബുദ്ധിമുട്ടിക്കുന്നുവെന്നും ഏഴ് മണിക്ക് എങ്കിലും പ്രഖ്യാപിച്ചിരുന്നേല്‍ നന്നായിരുന്നുവെന്നും നേരത്തെ രക്ഷിതാക്കള്‍ പറഞ്ഞിരുന്നു.