തൃശൂർ: സിഡിഎം മെഷീനിൽ നിന്നും പണം കവരുന്ന പുതിയ തട്ടിപ്പ് രീതി തൃശൂർ ജില്ലയിൽ വ്യാപകമാവുന്നു. പുതുക്കാട് ബാങ്കിന്റെ പണം നിക്ഷേപിക്കുന്ന മെഷിനിൽ കൃത്രിമം കാട്ടി ഒന്നേമുക്കാൽ ലക്ഷം രൂപ കവർന്നതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. മെഷീനിന്റെ സാങ്കേതിക പിഴവ് മുതലാക്കിയാണ് തട്ടിപ്പ്. പഴയകാല മെഷിൻ ഉപയോഗിക്കുന്നതാണ് കുഴപ്പമെന്ന് പോലീസ് പറഞ്ഞു. മെഷീൻ നവീകരിച്ച് സ്ഥാപിക്കാൻ ബാങ്ക് അധികൃതർക്ക് പോലീസ് കത്തുനൽകിയിരുന്നു.
ഒരു മാസത്തിനിടെ രണ്ടു തവണയാണ് സമാനമായ തട്ടിപ്പ് നടന്നത്. എടിഎം കൗണ്ടറിലുള്ള കാഷ് ഡെപ്പോസിറ്റ് മെഷിനിലായിരുന്നു തട്ടിപ്പ്. മെഷീനിന്റെ പ്രവർത്തനം കൃത്യമായി അറിയാവുന്നവരാണ് തട്ടിപ്പിനു പിന്നിലെന്നാണ് വിവരം. കഴിഞ്ഞ ജൂൺ 28നും ജൂലൈ 28നുമായിരുന്നു തട്ടിപ്പുകൾ. ബാങ്ക് അധികൃതർ പുതുക്കാട് പോലീസിന് പരാതി നൽകി.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമാനമായ തട്ടിപ്പ് കാഷ് ഡെപ്പോസിറ്റ് മെഷീനുകൾ കേന്ദ്രീകരിച്ച് ഉണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. ഇതരസംസ്ഥാനക്കാരാണ് തട്ടിപ്പിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
Discussion about this post