കൊച്ചി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ ഉത്തരവ് വിവാദത്തിൽ. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ രാവിലെ 8.25ന് അവധി പ്രഖ്യാപിച്ചത്. എന്നാൽ അവധി പ്രഖ്യാപിച്ചപ്പോഴേക്കും ഭൂരിഭാഗം കുട്ടികളും സ്‌കൂളിൽ എത്തിയിരുന്നു.
ഇതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും കളക്ടറുടെ ഫേസ്ബുക്ക് പേജിലെത്തി കമന്റിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിൽ, വിവാദം കനത്തോടെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കളക്ടർ രേണു രാജ്. രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്.
ഇതിനകം പ്രവർത്തനം ആരംഭിച്ച സ്‌കൂളുകൾ അടക്കേണ്ടതില്ല. സ്‌കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കളക്ടർ രേണു രാജ് അറിയിച്ചു. ഇതും വിദ്യാർത്ഥികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. സ്‌കൂളിൽ നിന്ന് വീട്ടിലെത്തണോ, തുറന്ന സ്‌കൂളിലേയ്ക്ക് തങ്ങൾ എങ്ങനെ എത്തും തുടങ്ങിയ ആശയക്കുഴപ്പങ്ങളാണ് വിദ്യാർത്ഥികളിലും അവരുടെ രക്ഷിതാക്കളിലും കാണുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്‌കൂളുകൾ അടക്കേണ്ടതില്ല. സ്‌കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു
ഡോ രേണു രാജ്
ജില്ലാ കളക്ടർ
എറണാകുളം