ദുബായിൽ മരിച്ച കോഴിക്കോട്ടെ വ്‌ലോഗർക്ക് വിവാഹസമയത്ത് പ്രായപൂർത്തി ആയിരുന്നില്ല; ഭർത്താവ് മെഹ്നാസ് പോക്‌സോ കേസിൽ അറസ്റ്റിൽ

കോഴിക്കോട്: ദുബായിലെ ഫ്‌ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ വ്‌ലോഗറുടെ ഭർത്താവ് കാസർകോട് സ്വദേശി മെഹ്നാസ് പോക്‌സോ കേസിൽ അറസ്റ്റിൽ. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തുടർന്നാണ് പോക്‌സോ കേസിൽ അറസ്റ്റിലായിരിക്കുന്നത്.

താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസർകോടുനിന്ന് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വരാനിരിക്കെയാണ് അറസ്റ്റ്.

വ്‌ളോഗർ, ആൽബം താരം എന്നീ നിലകളിൽ പ്രശസ്തയായിരുന്നു പെൺകുട്ടി കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്. ഇവരെ കഴിഞ്ഞ ഫെബ്രുവരി അവസാനമാണ് ദുബായ് ജാഫിലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിന് തൊട്ടുമുൻപ് വരെ സോഷ്യൽമീഡിയയിൽ സജീവമായിരുന്ന പെൺകുട്ടി ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കാൻ കുടുംബം തയ്യാറായിരുന്നില്ല. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ യുവാവ് പെൺകുട്ടിയെ നിരന്തരം മർദിച്ചിരുന്നു എന്നതിന്റെ തെളിവുകളും പിന്നീട് പുറത്തെത്തി.

ALSO READ- വകതിരിവ് ഇല്ലേ? രാവിലെ 8.30ക്ക് അവധി പ്രഖ്യാപിച്ചു; പ്രവർത്തനം ആരംഭിച്ച സ്‌കൂളുകൾ അടയ്‌ക്കേണ്ടെന്ന് അറിയിപ്പ്; എറണാകുളം കളക്ടർ എയറിൽ!

ഇതോടെ സംസ്‌കരിച്ച് രണ്ടുമാസത്തിനു ശേഷം പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. തൂങ്ങിമരണം എന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാൽ, പെൺകുട്ടിയുടേത് ആത്മഹത്യയാണെങ്കിൽ അതിലേക്ക് നയിച്ച കാരണവും കാരണക്കാരേയും കണ്ടെത്തണമെന്നാണ് കുടുംബം പോലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Exit mobile version