കൊച്ചി: സ്‌കൂൾ ആരംഭിക്കുന്നതിനായി വിദ്യാർത്ഥികളും അധ്യാപകരും സ്‌കൂളിലെത്തിയ സമയത്ത് അവധി പ്രഖ്യാപിച്ച എറണാകുളം കളക്ടറുടെ പോസ്റ്റിന് നേരെ പൊങ്കാല. മഴ കനത്ത സാഹചര്യത്തിൽ എറണാങ്കുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രാവിലെയാണ് കളക്ടർ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചത്. ഈ നടപടിക്ക് എതിരെയാണ് വ്യാപക വിമർശനം. എറണാകുളം ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റിലൂടെയാണ് അവധി പ്രഖഅയാപിച്ചിരുന്നത്. ഇതിന് താഴെ വിമർശനങ്ങൾ നിറയുകയാണ്.
രക്ഷിതാക്കൾ അടക്കമുള്ളവരാണ് വകതിരിവില്ലാത്ത ഇവരാണോ കളക്ടർ എന്നൊക്കെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
‘വ്യാപകമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്(04/08/22) അവധിയായിരിക്കും.’-എന്നാണ് പോസ്റ്റ്.
പിന്നാലെ ‘രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്‌കൂളുകൾ അടക്കേണ്ടതില്ല.’ എന്നുമാണ് കളക്ടർ കുറിച്ചത്. രാവിലെ എട്ടരയോടെയാണ് കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ് വഴി ഇക്കാര്യം അറിയിച്ചത്.
കുട്ടികൾ സ്‌കൂളിൽ എത്തിയതിന് ശേഷം പ്രഖ്യാപിച്ച ഈ അവധി ഏറെ ബുദ്ധിമുട്ടിക്കുന്നുവെന്നും ഏഴ് മണിക്ക് എങ്കിലും പ്രഖ്യാപിച്ചിരുന്നേൽ നന്നായിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു. സ്‌കൂളിലേക്ക് പുറപ്പെട്ട് പാതിവഴിയിലെത്തിയവർ അവിടെ തുടർന്നാൽ മതിയോ എന്നാണ് ട്രോളന്മാരുടെ ചോദ്യം.
‘കുറച്ചു കൂടി നേരത്തെ പ്രഖ്യാപിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. ഏഴ് മണി മുതൽ സ്‌കൂൾ ബസ് കാത്ത് നിൽക്കുന്ന കുട്ടികൾ ഉണ്ട് നമ്മുടെ നാട്ടിൽ. മാത്രമല്ല മക്കളെ സ്‌കൂളിൽ വിട്ടിട്ട് ജോലിക്ക് പോകുന്ന രക്ഷിതാക്കളും ഉണ്ട്.
ഇനിയെങ്കിലും ശ്രദ്ധിക്കണം,’ എന്നാണ് മറ്റൊരു കമന്റ്.