ഇതാണോ മനുഷ്യപ്പറ്റ്, ഞങ്ങളും മനുഷ്യരാണ്! ഇതുവരെ എല്ലാത്തിനോടും കണ്ണടച്ചു, ഇനി പറ്റില്ല; പൊട്ടിത്തെറിച്ച് രഞ്ജിനി ജോസ്

തന്നെക്കുറിച്ചുള്ള അതിരുവിട്ട ഗോസിപ്പുകളോട് പ്രതികരിച്ച് ഗായിക രഞ്ജിനി ജോസ്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് രഞ്ജിനിയുടെ പ്രതികരണം.

‘സെലിബ്രിറ്റികളെക്കുറിച്ച് ഗോസിപ്പുകള്‍ എഴുതാനും അതു വായിക്കാനും ചിലര്‍ക്ക് പ്രത്യേക രസമാണ്. പക്ഷേ ഒരു കാര്യം ഓര്‍ക്കുക. ഞങ്ങളും മനുഷ്യരാണ്. നിങ്ങളെപ്പോലെ തന്നെ ജീവിക്കുന്നവര്‍. കുറച്ചു മാസങ്ങളായി എന്നെ ലക്ഷ്യം വച്ച് എന്തിനാണ് ഇത്തരം മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നു മനസ്സിലാകുന്നില്ല. ഇതിനു മുന്‍പേ വന്നതൊക്കെ ഞാന്‍ ഒഴിവാക്കി വിട്ടു. പ്രതികരിക്കേണ്ടെന്ന് എന്റെ അടുത്ത സുഹൃത്തുക്കളും പറഞ്ഞു. ഇതുവരെ എല്ലാത്തിനോടും കണ്ണടച്ചെങ്കിലും എപ്പോഴും അത് പറ്റില്ല. എല്ലാത്തിനും ഒരു പരിധിയുണ്ട്.

ഒരു ആണിന്റെ കൂടെ നില്‍ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ തമ്മില്‍ ബന്ധം ഉണ്ടെന്നും വിവാഹിതരാകാന്‍ പോവുകയാണെന്നുമല്ല അതിന്റെ അര്‍ഥം. എന്റെ സ്വന്തം ചേച്ചിയെപ്പോലെ കാണുന്ന ആളുടെ കൂടെയുള്ള ഫോട്ടോ പുറത്തു വന്നപ്പോള്‍ ഞങ്ങള്‍ തമ്മില്‍ വിവാഹം കഴിക്കുകയാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു.

‘ഇവര്‍ ലെസ്ബിയന്‍സ് ആണോ?’ എന്ന തലക്കെട്ടോടെ ഒരു മാധ്യമം വാര്‍ത്ത കൊടുത്തു. സ്വവര്‍ഗാനുരാഗം കേരളത്തില്‍ സാധാരണയായി മാറിയെങ്കിലും എല്ലായിടത്തും ഇതെടുത്ത് വിതറുന്നത് എന്തിനാണ്? നിങ്ങളുടെ വീട്ടില്‍ സഹോദരങ്ങളില്ലേ? നിങ്ങള്‍ക്കു സുഹൃത്തുക്കളില്ലേ? എല്ലാവരും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം ലൈംഗികതയാണോ?

ഇത്രയും ഇടുങ്ങിയ ചിന്തയോടെയാണോ നിങ്ങള്‍ വളര്‍ന്നുവന്നിരിക്കുന്നത്. വൃത്തികേടുകള്‍ എഴുതുന്നതിന് ഒരു പരിധിയില്ലേ? ഞങ്ങളുടെ വായില്‍ നിന്ന് എപ്പോഴെങ്കിലും അത്തരത്തിലൊരു കാര്യം പുറത്തുവന്നിട്ടുണ്ടോ? എന്തിനാണ് മനഃപൂര്‍വം കരിവാരിത്തേയ്ക്കുന്നത്?

ഇത്തരം അപവാദ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരു നിയമം ഉണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മുന്‍പ് പല കലാകാരന്മാരും ഇതേ സാഹചര്യങ്ങള്‍ നേരിട്ടിട്ടുണ്ട്. അതൊക്കെ അവരെ മാനസികമായി തളര്‍ത്തിയിട്ടുമുണ്ട്. എനിക്ക് പ്രതികരിക്കണമെന്നു തോന്നിയതുകൊണ്ടാണ് ഞാന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

എനിക്ക് നാട്ടുകാരോടു കൂടിയാണ് ചോദിക്കാനുള്ളത്. ഇത്തരം പ്രചാരണങ്ങളിലൂടെ നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്? നിങ്ങളെയാണ് മറ്റുള്ളവര്‍ മാനസികമായി ചൂഷണം ചെയ്യുന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥ? നിങ്ങള്‍ക്കു വിഷമം ഉണ്ടാകില്ലേ? അതുപോലെ തന്നെയല്ലേ ഞങ്ങളും. കേരളത്തിന്റെ സംസ്‌കാരം ഇതാണോ? എന്തുകൊണ്ടാണ് ഇത്രയും മോശമായി മറ്റുള്ളവരെ ചിത്രീകരിക്കുന്നത്.

വായില്‍ വരുന്നതു മുഴുവന്‍ എഴുതി പ്രചരിപ്പിക്കുന്നതിനെതിരെ ഒരു നിയമം വരണം എന്നാണ് എനിക്കു പറയാനുള്ളത്. ഇതെന്റെ നിലപാടാണ്. ഞാന്‍ ഈ പറഞ്ഞതിനോട് നിങ്ങള്‍ക്കു പ്രതികരിക്കാം. എന്തെങ്കിലും മോശമായി കമന്റിട്ടാല്‍ തേടിക്കണ്ടുപിടിക്കും ഞാന്‍. യാതൊരു ദയയും കാണിക്കില്ല.

രണ്ടാമതൊന്നുകൂടി ആലോചിച്ച ശേഷം അത്തരം കമന്റുകളെഴുതിയാല്‍ മതി. എല്ലാവരുടെയും ക്ഷമയ്‌ക്കൊരു പരിധിയുണ്ട്. കോവിഡിന്റെ സമയത്ത് എല്ലാവരും ഒരുപാട് കഷ്ടപ്പെട്ടു. ഇപ്പോള്‍ എങ്ങനെയെങ്കിലും ജീവിതത്തിലേയ്ക്കു തിരികെ വരാന്‍ നോക്കുന്നു. അപ്പോഴാണ് ഇത്തരം കാര്യങ്ങളുടെ പ്രചാരണം. ഇതാണോ മനുഷ്യപ്പറ്റ്? കഷ്ടം!

Exit mobile version