ആലപ്പുഴ: ആലപ്പുഴ കലക്ടറായി വിആര്‍ കൃഷ്ണതേജ ഐഎഎസ് ചുമതലയേറ്റു. ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കിയ നടപടി വിവാദമായതോടെയാണ് ശ്രീറാമിനെ മാറ്റി കൃഷ്ണതേജയെ നിയമിച്ചത്.
അതേസമയം, ചുമതല കൈമാറാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയിരുന്നില്ല. എഡിഎം സന്തോഷ് കുമാറാണ് കൃഷ്ണതേജക്ക് ചുമതല കൈമാറിയത്.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായിരുന്നു കൃഷ്ണതേജ. ശ്രീറാമിനെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ ആലപ്പുഴ കലക്ടറായി സര്‍ക്കാര്‍ നിയമിച്ചത്.
സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് നടന്ന അഴിച്ചുപണിയുടെ ഭാഗമാണ് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീറാമിനെ ആലപ്പുഴ കലക്ടറായി നിയമിച്ചത്. ഇതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ശ്രീറാമിനെ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. ആലപ്പുഴ കലക്ടറായിരുന്ന രേണു രാജിനെ എറണാകുളത്തേക്ക് മാറ്റിയാണ് ശ്രീറാമിന് നിയമനം നല്‍കിയത്.
ബഷീര്‍ കൊല്ലപ്പെട്ടിട്ട് മൂന്നാണ്ട് തികയുന്ന ദിവസമാണ് ശ്രീറാമില്‍ നിന്നും കൃഷ്ണ തേജ കലക്ടറുടെ ചുമതല ഏറ്റെടുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ആന്ധ്ര സ്വദേശിയായ കൃഷ്ണ തേജ 2018-2019 കാലഘട്ടത്തില്‍ ആലപ്പുഴ സബ് കലക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ഇരു പ്രളയകാലത്തും ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപിച്ചും കൃഷ്ണതേജ ശ്രദ്ധ നേടിയിരുന്നു.