ബംഗളൂരു: കണ്ണൂർ സ്വദേശികളുടെ മകളായ എട്ടുവയസുകാരി ബംഗളൂരുവിലെ താമസ്ഥലത്ത് വെച്ച് കീടനാശിനി ശ്വസിച്ച് മരിച്ചു. ബംഗളൂരു വസന്ത് നഗറിലാണ് സംഭവം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി വിനോദിന്റെ മകൾ അഹാനയാണ് മരിച്ചത്. രാത്രി വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു. വീട്ടുടമയാണ് കീടനാശിനി തളിച്ചതെന്നാണ് റിപ്പോർട്ടുകൾ.
പിന്നീട് രാവിലെ എഴുന്നേറ്റപ്പോൾ മുതൽ അഹാനയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാകും ഉടൻ മരിക്കുകയും ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കളും അവശനിലയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കീടനാശിനി തളിച്ച് അബദ്ധത്തിൽ ഉണ്ടായ മരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനോദും കുടുംബവും കഴിഞ്ഞയാഴ്ച നാട്ടിൽ പോയിരുന്നു. ഈ സമയത്താണ് വീട്ടുടമ മുറിക്കുള്ളിൽ കീടനാശിനി തളിച്ചത്. പിന്നീട് നാട്ടിൽനിന്ന് വിനോദും കുടുംബവും തിങ്കളാഴ്ച പുലർച്ചെയാണ് തിരിച്ചെത്തിയത്. ഇവർ കുറച്ചുനേരം കിടന്നുറങ്ങുകയും ചെയ്തു. ഇതിനിടെ ശാരീരിക അസ്വാസ്ഥ്യം തോന്നിയിരുന്നു.
പിന്നീട് നേരത്തേ സൂക്ഷിച്ചിരുന്ന ജാറിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് ചായ ഉണ്ടാക്കി കുടിച്ചു. അധികം വൈകാതെ 3 പേരും തളർന്നുവീണു. ആംബുലൻസിൽ വസന്തനഗറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഹാന രാത്രിയോടെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹൈഗ്രൗണ്ട് പോലീസാണ് കേസ് അന്വേഷിക്കുന്നത്.