പുന്നയൂർ: തൃശ്ശൂരിൽ മങ്കി പോക്‌സ് ബാധിച്ച് യുവാവ് മരിച്ചത് അസാധാരണമെന്ന് വിലയിരുത്തി ആരോഗ്യ വകുപ്പ്. കേരളത്തിൽ സ്ഥിരീകരിച്ച മങ്കി പോക്‌സ് തീവ്ര വ്യാപനശേഷി ഇല്ലാത്തതാണെന്നും ആരോഗ്യ വകുപ്പ് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. പൊതുവെ മരണത്തിന് രോഗം കാരണമാവാറില്ല. കൃത്യസമയത്ത് ചികിത്സ തേടാത്തതാണ് യുവാവിന് രോഗം ഗുരുതരമാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
മങ്കി പോക്‌സ് ബാധിച്ച് 22കാരനായ യുവാവ് മരിച്ചതിന് കാരണമായത് അസുഖത്തെ നിസാരമാക്കി കണ്ടതാണെന്നും കണക്കാക്കപ്പെടുന്നു. വലിയ ചർച്ചാവിഷയം ആണെന്ന് അറിഞ്ഞിട്ടും യുവാവ് നാട്ടിലെത്തി ചികിത്സ തേടാതിരുന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിലടക്കം സജീവമായിരുന്ന യുവാവ് ഒമ്പതുമാസം മുമ്പാണ് യുഎഇയിൽ ജോലിക്കുപോയത്. തുടർന്ന് ജൂലൈ 21-ന് അവധിക്ക് നാട്ടിലെത്തുകയായിരുന്നു. എന്നാൽ തനിക്ക് യുഎഇയിൽ വെച്ച് രോഗം സ്ഥിരീകരിച്ചിരുന്നു എന്ന കാര്യം വീട്ടുകാരോടോ അടുത്ത സുഹൃത്തുക്കളോടോ യുവാവ് പറഞ്ഞിരുന്നില്ല. കൂട്ടുകാരുമൊത്ത് ഫുട്‌ബോൾ കളിക്കുകയും ആഘോഷ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. വീടിനകത്ത് ചിലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം പുറത്തായിരുന്നു ചിലവിട്ടത്. അസുഖത്തിന്റെ ലക്ഷണങ്ങൾ പുറമെ കാണിക്കാതിരുന്നതും യുവാവിന് സഹായകരമായി. എന്നാൽ പിന്നീട് വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു.
അപ്പോഴേക്കും അണുബാധ ശരീരമാകെ വ്യാപിച്ചിരുന്നു. തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിക്കുമ്പോൾ രോഗി അബോധാവസ്ഥയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ആശുപത്രിയിൽ കൃത്യമായ രോഗനിർണയം നടക്കാതെ വന്നതായും ആരോപണമുണ്ട്. യുവാവ് ഗുരുതരാവസ്ഥയിൽ കഴിയുന്നതിനിടെ ബന്ധുക്കളാണ് വിദേശത്ത് നിന്നും രോഗം സ്ഥിരീകരിച്ചിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ ആശുപത്രി അധികൃതർക്ക് കൈമാറിയത്. മങ്കി പോക്‌സിന്റെ പ്രകടമായ ലക്ഷണങ്ങൾ യുവാവിന് ഉണ്ടായിരുന്നില്ല. എന്നാൽ മരണം സംഭവിച്ചതോടെ രാജ്യത്തെ ആദ്യത്തെ മങ്കി പോക്‌സ് മരണം തൃശ്ശൂർ ജില്ലയിൽ സ്ഥിരീകരിക്കുകയായിരുന്നു.
ചാവക്കാട് കുരഞ്ഞിയൂർ ആനക്കോട്ടിൽ മുഹമ്മദിന്റെ മകൻ ഹഫീസ് (22) ആണ് ശനിയാഴ്ച സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. പുണെ വൈറോളജിലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിൽ നിന്നും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി പൂണെ ലാബിനെ സമീപിക്കുകയായിരുന്നു.
Discussion about this post