മൂവാറ്റുപുഴയിലും കാലടിയിലും ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിൽ; ആലുവ ശിവക്ഷേത്രം പെരിയാറിൽ മുങ്ങി

കൊച്ചി: എറണാകും ജില്ലയിൽ വെള്ളപ്പൊക്ക പ്രതീതി. മൂവാറ്റുപുഴയാറിലും പെരിയാറിലും വെള്ളം ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. മൂവാറ്റുപുഴയിലും കാലടിയിലും ജലനിരപ്പ് അപകടരേഖയ്ക്കും മുകളലന്ന് കലക്ടർ അറിയിച്ചു. ആലുവ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ആലുവ മൂന്നാർ റോഡിൽ വെള്ളം കയറുകയും, കോതമംഗംലം തങ്കളം ബൈപാസും മണികണ്ഠൻചാലും വെള്ളത്തിലാവുകയും ചെയ്തു.

കൂടാതെ, കലൂർ പ്രദേശത്ത് വീടുകളിൽ വെള്ളംകയറി. പതിനാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ കാണാതായ ഉരുളൻ തണ്ണി സ്വദേശി പൗലോസിനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ഇതിനിടെ പത്തനംതിട്ടയിലെ അതിതീവ്ര മഴ കണക്കിലെടുത്തി 20 അംഗ എൻഡിആർഎഫ് സംഘത്തെ നിയോഗിച്ചു. ജില്ലയിൽ പത്ത് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 103 പേരെ മാറ്റിപ്പാർപ്പിച്ചു.

പമ്പ, അച്ചൻകോവിൽ, മണിമല നദികൾ കരതൊട്ടൊഴുകുകയാണ്. അത്തിക്കയത്ത് പമ്പയിൽ കാണാതായ രാജുവിനായുള്ള തിരച്ചിൽ തുടരുകയാണ്. ഗവിയുൾപ്പെടെയുള്ള വനമേഖലയിൽ കനത്തമഴയാണ്.

പമ്പയിലെ ആറാട്ട് കടവിലടക്കം ജലനിരപ്പ് കൂടുതലാണ്. മറ്റന്നാളത്തെ ശബരിമല നിറപുത്തരി ചടങ്ങിൽ ഭക്തരെ അനുവദിക്കണോ എന്ന് പിന്നീട് തീരുമാനിക്കും.

Exit mobile version