ചേര്‍ത്തല: കാതടപ്പിക്കുന്ന ശബ്ദത്തോടെ ചീറിപ്പായാനാണ് യുവതമുറ ആഗ്രഹിക്കുന്നത്. പെണ്‍കുട്ടികള്‍ നില്‍ക്കുന്നുണ്ടെങ്കില്‍ പറയുകയും വേണ്ട. പിന്നെ ഒരു ചീറിപ്പാച്ചില്‍ ആണ്. ഇതിനെ വിലക്കി രംഗത്ത് എത്തിയിരിക്കുകയാണ് അധികൃതര്‍. ഇനി ബൈക്കുകളുടെ ഒച്ച ഉയര്‍ന്നാല്‍ സൈലന്‍സര്‍ ഊരി എടുക്കാനും, വന്‍ പിഴ ഈടാക്കാനുമാണ് തീരുമാനം. ചേര്‍ത്തലയില്‍ ഇത്തരം ഇരുചക്രവാഹനങ്ങള്‍ വ്യാപകമായതോടെ നടത്തിയ പരിശോധനയില്‍ നൂറിലധികം അനധികൃത സൈലന്‍സറുകള്‍ പിടിച്ചെടുത്തു.
വാഹനം വാങ്ങുമ്പോള്‍ ലഭിക്കുന്ന സൈലന്‍സര്‍ മാറ്റി 5000 രൂപ വരെ വിലയുള്ള അനധികൃത സൈലന്‍സര്‍ ഘടിപ്പിച്ച്, മനപൂര്‍വ്വം ശബ്ദമലിനീകരണമുണ്ടാക്കി പായുന്നവരാണ് കുടുങ്ങിയത്. വിദ്യാര്‍ത്ഥിനികളും സ്ത്രീകളും ഓടിക്കുന്ന ഇരുചക്രവാഹനത്തിന് സമീപമെത്തി, ആക്‌സിലേറ്റര്‍ കൂട്ടി ചെവിപൊട്ടുന്ന ശബ്ദത്തില്‍ പായുന്നവരുടെ ശല്യം സംബന്ധിച്ച് പരാതികളേറെയാണ്. അപ്രതീക്ഷിതമായി ശബ്ദം കേള്‍ക്കുന്നതോടെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് അപകടങ്ങളുമുണ്ടാകും.
ഇത്തരക്കാരെ പിടികൂടി 1000 രൂപ പിഴയീടാക്കുകയും വാഹനത്തിലെ സൈലന്‍സര്‍ പിടിച്ചെടുക്കുകയുമാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ ചെയ്യുന്നത്. ചേര്‍ത്തല ജോ ആര്‍ടിഒ ഓഫിസിലെ സ്റ്റോറില്‍ ഇത്തരത്തില്‍ പിടിച്ചെടുത്ത നൂറുകണക്കിന് സൈലന്‍സറുകളാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതുകൂടാതെ ഹെഡ്‌ലൈറ്റ് മാറ്റി പ്രകാശം കൂടിയത് വയ്ക്കുക, ഹാന്റില്‍ ബാര്‍ മാറ്റുക തുടങ്ങിയ പ്രവണതകളും കണ്ടുവരുന്നുണ്ടെന്ന് ചേര്‍ത്തല എംവിഐ എംജി മനോജ് പറഞ്ഞു.