ചുമതലയേറ്റതിന് പിന്നാലെ അവധി പ്രഖ്യാപിച്ചു; തലൈവാ, നേരത്തെ വരാതിരുന്നത് എന്തെ..? തിരുവനന്തപുരം കളക്ടറുടെ പേജിൽ ആശംസകളുമായി വിദ്യാർത്ഥികൾ!

തിരുവനന്തപുരം: ചുമതലയേറ്റതിന് പിന്നാലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച തിരുവനന്തപുരം കളക്ടർക്ക് ആശംസാ പ്രവാഹവുമായി വിദ്യാർത്ഥികൾ. ഫേസ്ബുക്ക് പേജിലെ കമന്റിലൂടെയാണ് ആശംസകൾ കൊണ്ട് മൂടുന്നത്.

ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; കരയാനോ കാലുപിടിക്കാനോ നിന്നില്ല, മുതലാളിയുടെ വീട് പൊളിച്ചടുക്കി തൊഴിലാളിയുടെ പ്രതിഷേധം

‘എന്തുകൊണ്ട് സർ നേരത്തെ ചാർജെടുത്തില്ല! തലൈവാ, അവധി നേരത്തെ പ്രഖ്യാപിച്ചതിന് നന്ദി’ തുടങ്ങിയ കമന്റുകളാണ് പേജിൽ നിറയുന്നത്. തലൈവനെന്നും കളക്ടർ ബ്രോയെന്നും വിളിച്ചാണ് വിദ്യാർത്ഥികൾ തന്റെ സ്‌നേഹം അറിയിക്കുന്നത്.

ഇനിയങ്ങോട്ട് തലസ്ഥാനത്ത് അവധിയുടെ ആറാട്ടാകട്ടെയെന്നും ആശംസിക്കുന്നുണ്ട്. മുമ്പ് ‘അവധി ‘ പ്രഖ്യാപനം അന്നേ ദിവസം രാവിലെ മാത്രമേ ഉണ്ടാകൂവെന്നും ഇനി ആ പേടിയില്ലെന്നും തുടങ്ങിയ കമന്റുകളാണ് കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിനുള്ളത്.

ജെറോമിക് ജോർജ് ജില്ലാ കളക്ടറായി ചുമതലയേറ്റെടുത്ത ആദ്യദിനം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതാണ് പ്രധാന ഉത്തരവ്. കളക്ടറേറ്റിൽ ഇന്നലെ രാവിലെ ഒമ്പതോടെ നടന്ന ചടങ്ങിൽ മുൻ കളക്ടർ നവ്ജ്യോത് ഖോസയാണ് ചുമതല കൈമാറിയത്. ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറായി ചുമതല നിർവഹിക്കുന്നതിനിടെ ആദ്യമായാണ് ഒരു ജില്ലയുടെ ചുമതല വഹിക്കുന്നത്.

2015ലാണ് ജെറോമിക് ജോർജ് സിവിൽ സർവീസിൽ പ്രവേശിക്കുന്നത്. കണ്ണൂർ അസിസ്റ്റന്റ് കളക്ടറായി പ്രവർത്തനമാരംഭിച്ച അദ്ദേഹം ഒറ്റപ്പാലം സബ്കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുറമുഖ റെഗുലേറ്ററി വകുപ്പ്, കായിക യുവജന കാര്യാലയം എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. സ്മൃതി ഇമ്മാനുവലാണ് ഭാര്യ. മൂന്ന് വയസുകാരിയായ മകളുണ്ട്.

Exit mobile version