കരിപ്പൂർ: സ്വർണമിശ്രിതം കടത്താൻ ശ്രമിച്ച സംഭവത്തിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് കരാർ ജീവനക്കാരൻ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായി. 1.19 കോടി രൂപയുടെ സ്വർണമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കരിപ്പൂരിൽ എയർ ഇന്ത്യ എയർപോർട്ട് സർവീസ് ലിമിറ്റഡിനു കീഴിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് കരാർ ജീവനക്കാരനായ മുഹമ്മദ് ഷമീം ആണു പിടിയിലായത്.
വിമാനത്തിൽ വന്നിറങ്ങിയ മറ്റൊരു യാത്രക്കാരൻ കൊണ്ടുവന്ന സ്വർണ മിശ്രിതം പുറത്തു കടത്താനായിരുന്നു ഷമീം ശ്രമിച്ചത്. ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാർ പുറത്തിറങ്ങുന്നതിനിടെയാണ് എയറോബ്രിജിൽ നിന്ന് ഇയാൾ ഒരു യാത്രക്കാരനിൽനിന്നു സ്വർണ മിശ്രിതപ്പൊതികൾ കൈപ്പറ്റിയത്.
ഇതിനിടെയാണു സിഐഎസ്എഫ് പിടികൂടി തുടർ നടപടികൾക്കായി കസ്റ്റംസിനു കൈമാറിയത്. മൂന്ന് പൊതികളിലായി 2.647 കിലോഗ്രാം മിശ്രിതമാണു കണ്ടെടുത്തത്. അതിൽനിന്ന് 2.309 കിലോഗ്രാം 24 കാരറ്റ് സ്വർണം ലഭിച്ചതായി കസ്റ്റംസ് അറിയിച്ചു.
മൊബൈൽ കവറിനുള്ളിൽ ഒരു പൊതിയും ആരോഗ്യ രേഖകളടങ്ങിയ കവറിനുള്ളിൽ രണ്ടു പൊതികളും ഒളിപ്പിച്ച് കയ്യിൽ പിടിച്ച് തന്നെയാണു പുറത്തു കടക്കാൻ ശ്രമിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇയാളെ സിഐഎസ്എഫിനു സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പിടിവീണത്. അറസ്റ്റ് ചെയ്ത മുഹമ്മദ് ഷമീമിനെ മഞ്ചേരി കോടതിയിൽ ഹാജരാക്കുമെന്നു കസ്റ്റംസ് അറിയിച്ചു.