കോട്ടക്കൽ: പ്ലസ് വണ്ഡ വിദ്യാർത്ഥിനിയായ ഹന്ന എന്ന 17കാരിയുടെ ജീവൻ രക്ഷിക്കുകയെന്ന ദൗത്യത്തിനായി ഇറങ്ങി തിരിച്ച നാട്ടുകാർ നാടിന്റെ നന്നമയുടെ പ്രതീകമായി. കോട്ടക്കൽ കുറ്റിപ്പുറം സ്വദേശിനിയായ ഹന്നയ്ക്ക് മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ ജീവൻ രക്ഷിക്കാനായി നിർദേശിച്ചത്.
40 ലക്ഷത്തോളം ചിലവ് വരുന്ന ചികിത്സയ്ക്കുള്ള പണം നിർധനരായ ഹന്നയുടെ കുടുംബത്തിന് ചിന്തിക്കുന്നതിനും അപ്പുറമായിരുന്നു. ഇവരുടെ ദുഃഖം കണ്ടറിഞ്ഞ നാട്ടുകാർ അഞ്ചു ദിവസംകൊണ്ട് സമാഹരിച്ച് കുടുംബത്തിന് കൈമാറിയത് 1.40 കോടി രൂപയാണ്. 40 ലക്ഷമെന്ന തുക പോലും അപ്രാപ്യമെന്ന് കരുതിയവർക്ക് മുന്നിൽ ജാതി മത ഭേദമന്യേ ഒന്നിച്ച നാട്ടുകാരാണ് തണലായത്.
ഹന്നയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താൻ 501 അംഗങ്ങളുള്ള സഹായസമിതി രൂപീകരിച്ചായിരുന്നു സഹായം തേടിയത്. സോഷ്യൽമീഡിയയിലടക്കം പ്രചാരണം നടത്തിയതോടെ സുമനസ്സുകൾ സഹായഹസ്തവുമായെത്തി. ഒരു ദിവസത്തെ വരുമാനം നൽകി വ്യാപാരികളും കൈകോർത്തതോടെ അതിവേഗത്തിലാണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയത്. പുത്തൂർ ബൈപാസിലെ മത്സ്യ -ഓട്ടോ തൊഴിലാളികൾ, ഹോട്ടലുടമകൾ എന്നിവർ അവരുടെ ഒരു ദിവസത്തെ വരുമാനം ഇതിനായി മാറ്റിവെച്ചു.
കൂടാതെ ക്ഷേത്ര കമ്മിറ്റികൾ, ഹന്ന പഠിച്ച വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ നിന്നും സഹായം തേടി. വാർധക്യ പെൻഷൻ, ഉന്നത വിജയത്തിന് ലഭിച്ച മോതിരം, സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം, സ്വർണ കമ്മലുകൾ തുടങ്ങിയവ നൽകി ഒട്ടേറെപേർ നിരവധി പേർ മാതൃക പ്രവർത്തനത്തിൽ പങ്കാളികളായി.
പൊതുപ്രവർത്തകൻ അഡ്വ. ഷമീർ കുന്നമംഗലത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫണ്ട് സമാഹരണം അഞ്ചുദിവസം കൊണ്ട് തന്നെ പൂർത്തിയാക്കാനായി. ചികിത്സക്കാവശ്യമായ തുക കണ്ടെത്താൻ സഹായിച്ച നാട്ടുകാരടക്കമുള്ള സുമനസ്സുകൾക്ക് കമ്മിറ്റി ഭാരവാഹികളായ അമരിയിൽ നൗഷാദ് ബാബു, അജിത് കൊട്ടാരത്തിൽ, ഫൈസൽ മുനീർ കാലൊടി എന്നിവർ നന്ദി അറിയിച്ചു.
കാവതികളം നജ്മുൽ ഹുദാ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു ഹന്ന. ഈ സമയത്താണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ് ഹന്ന ഇപ്പോൾ. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ഹന്നയെ പുതുജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് നാട്ടുകാരും ബന്ധക്കുളുമെല്ലാം.
ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്കാവശ്യമായ തുക തിങ്കളാഴ്ചയാണ് ഔദ്യോഗികമായി കുടുംബത്തിന് കൈമാറുക. ഹന്നയുടെ ചികിത്സയ്ക്ക് ചെലവാകുന്ന പണത്തിന്റെ ബാക്കി തുക ഇതുപോലെ പ്രയാസപ്പെടുന്ന രോഗികൾക്ക് നൽകാനാണ് തീരുമാനം.
Discussion about this post