കണ്ണൂർ: സ്വന്തം വേദനയ്ക്കിടയിലും അനിയന് നോവരുതെന്ന പ്രാർത്ഥനയോടെ സഹായത്തിനായി മുന്നോട്ടുവന്ന എസ്എംഎ രോഗ ബാധിതയായ മാട്ടൂൽ സ്വദേശിനി അഫ്ര അന്തരിച്ചു. വിദ്യാർത്ഥിനിയായ അഫ്ര വീൽചെയറിലായിരുന്നു ജീവിതകാലം മുഴുവനും.
എല്ല് പൊടിയുന്ന അഫ്രയുടെ നോവ് കേരളക്കരയ്ക്കാകെ കണ്ണീരായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട്ടുള്ള ആശുപത്രിയിലേക്ക് മാറ്റിയത്. എസ്എംഎ രോഗബാധിതയായ അഫ്രക്ക് വിലയേറിയ മരുന്ന് ലഭിക്കാത്തതിനാൽ ജീവിതം വീൽചെയറിലായിരുന്നു.
സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച് അനിയന് വേണ്ടി അതേ രോഗത്തിന്റെ ചികിത്സയുടെ നോവിന് ഇടയിലാണ് അഫ്ര അഭ്യർത്ഥനയുമായി രംഗത്തെത്തിയിരുന്നത്. ഇളയ സഹോദരൻ മുഹമ്മദിന്റെ ചികിത്സക്കായാണ് അഫ്രയുടെ വീഡിയോ പുറത്തെത്തിയത്.
‘ഞാൻ അനുഭവിക്കുന്ന വേദന എന്റെ അനിയനുണ്ടാവരുതെന്ന്’ പറഞ്ഞുള്ള അഫ്രയുടെ വാക്കുകൾ കേട്ട് മുഹമ്മദിന് വേണ്ടി ലോകമലയാളികൾ കൈകോർക്കുകയും കോടികൾ സമാഹരിച്ച് നിർധന കുടുംബത്തിന് കൈമാറുകയും ചെയ്തിരുന്നു. മുഹമ്മദിന്റെ ചികിത്സ വിജയകരമായി പൂർത്തിയാവുകയാണ്.