കോഴിക്കോട്: മസ്ജിദിനുള്ളില്‍ നിക്കാഹ് കര്‍മ്മത്തിന് സാക്ഷിയായി വധു.
നിക്കാഹ് വേദിയില്‍ വച്ച് തന്നെ വരനില്‍ നിന്ന് മഹറും സ്വീകരിച്ചു. കുറ്റ്യാടി സ്വദേശി കെഎസ് ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയാണ് പാലേരി പാറക്കടവ് ജുമാ മസ്ജിദില്‍ നടന്ന വിവാഹ കര്‍മ്മത്തിന് സാക്ഷിയായത്.
വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകന്‍ ഫഹദ് ഖാസിമാണ് ബഹ്ജയുടെ വരന്‍. വീട്ടില്‍ നിന്ന് ബന്ധുക്കള്‍ക്കൊപ്പം എത്തിയ ബഹ്ജക്ക് പള്ളിക്കുള്ളില്‍ തന്നെ ഇരിപ്പിടം നല്‍കി. മഹര്‍ വരനില്‍ നിന്ന് വേദിയില്‍ വെച്ചുതന്നെ സ്വീകരിക്കുകയും ചെയ്തു.
പണ്ഡിതരോട് ചോദിച്ച് അനുകൂല മറുപടി ലഭിച്ചതോടെയാണ് വധുവിന് പ്രവേശനം നല്‍കിയതെന്ന് മഹല്ല് ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞു. നിക്കാഹിന് ഖതീബ് ഫൈസല്‍ പൈങ്ങോട്ടായി നേതൃത്വം നല്‍കി.
സാധാരണ നിക്കാഹ് ചടങ്ങുകള്‍ കാണാന്‍ വധുവിന് അവസരം ലഭിക്കാറില്ല. നിക്കാഹിന് ശേഷം വരന്‍ മഹര്‍ വധുവിന്റെ വീട്ടിലെത്തിയാണ് സാധാരണ അണിയിക്കുക. കഴിഞ്ഞയാഴ്ച ഇതേ മഹല്ലില്‍ നടന്ന ഇജെ അബ്ദുറഹീമിന്റെ മകള്‍ ഹാലയുടെ നിക്കാഹ് വേളയില്‍ ഹാലയും മാതാവും വേദിയിലുണ്ടായിരുന്നു.