കണ്ണൂര്‍: ആഴമുള്ള കിണറ്റില്‍ വീണ് അന്‍പതുകാരി, 3 മണിക്കൂറിനൊടുവില്‍ വീട്ടമ്മമാരുടെ കരുതലില്‍ ജീവിതത്തിലേക്ക്. ആറളം ഫാം ബ്ലോക്ക് 11ലെ ബിന്ദു രാജുവിനാണ് സമീപവാസികളായ 2 വീട്ടമ്മമാരുടെ ജാഗ്രതയില്‍ ജീവന്‍ തിരിച്ചു കിട്ടിയത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് ബിന്ദു എടൂര്‍ മൃഗാശുപത്രിക്ക് സമീപമുള്ള കിണറ്റില്‍ അബദ്ധത്തില്‍ വീണത്. വെള്ളത്തില്‍ മുങ്ങിപ്പോയെങ്കിലും ഉയര്‍ന്നു വന്ന ഉടന്‍, ബിന്ദു പടവില്‍ അള്ളിപ്പിടിച്ചു കിടന്നു. 3 മണിക്കൂറോളമാണ് ബിന്ദു അങ്ങനെ കിടന്നത്.
ഉച്ചയ്ക്ക് ഒന്നരയോടെ സമീപത്തു താമസിക്കുന്ന ഉഷ, ഷൈന്‍ബി എന്നിവര്‍ നടന്നു പോകുമ്പോള്‍ കിണറ്റില്‍ നിന്ന് ബിന്ദുവിന്റെ കരച്ചില്‍ കേട്ടു. ഉടന്‍ തന്നെ ഇവര്‍ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. ആറളം പഞ്ചായത്ത് അംഗം ബിജു കുറ്റിക്കാട്ടുകുന്നേലിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
അഗ്‌നിരക്ഷാസേന ഉള്‍പ്പെടെ സ്ഥലത്തെത്തിയപ്പോഴേക്കും നെടുമുണ്ടയിലെ ജിന്റോയുടെ നേതൃത്വത്തില്‍ കിണറിനകത്ത് ഇറങ്ങി ബിന്ദുവിനെ പുറത്തെത്തിച്ചു, ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കാലിന്റെ മുട്ടിലെ നേരിയ പരുക്ക് അല്ലാതെ മറ്റു പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ വൈകിട്ടോടെ ആശുപത്രി വിട്ടു. ജിന്റോയെ നെടുമുണ്ടയില്‍ പഞ്ചായത്ത് അനുമോദിച്ചു.