ആലപ്പുഴ: 90 വയസ് പിന്നിട്ടിട്ടും 19ന്റെ ചുറുചുറുക്കോടെ ചായയടിച്ചും കൊതിയൂൂറുന്ന പലഹാരങ്ങൾ ഉണ്ടാക്കിയും ഞെട്ടിക്കുകയാണ് മധുരാമ്മ എന്നറിയപ്പെടുന്ന തങ്കമ്മ. കൊല്ലം പത്തനാപുരത്തുകാരിയായ തങ്കമ്മയ്ക്കു പഴയകാല തമിഴ് നടി ടി.എ. മധുരത്തിന്റെ ഛായയുണ്ടെന്നു പറഞ്ഞ് നാട്ടുകാരിട്ട പേരാണ് ‘മധുരാമ്മ’.
മധുരാമ്മയ്ക്ക് കൂട്ടായി 68കാരിയായ മകൾ വസന്തകുമാരിയും ഉണ്ട്. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. വസന്തകുമാരിക്കൊപ്പം കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിനുസമീപം ഗോവിന്ദമുട്ടത്തു വടക്കുകൊച്ചുമുറിയിൽ വാടകയ്ക്കാണ് ഇരുവരുടെയും താമസം. തോപ്പിൽ സ്‌കൂളിനുസമീപത്ത് 17 വർഷമായി നടത്തുന്ന ചായക്കടയാണ് ഇവരുടെ ഉപജീവനമാർഗം. ടാർപോളിൻ ഷീറ്റുകൊണ്ടുമറച്ച ചെറിയ കൂരയാണ് കട.
കാമുകനോട് പ്രതികാരം ചെയ്യാന്‍ വീടിന് തീവെച്ച് യുവതി : വീട് മാറിപ്പോയി
അതിരാവിലെ വസന്തകുമാരി കടയിലെത്തും. പിന്നാലെയാണ് മധുരാമ്മ എത്തുന്നത്. ഇവിടെ, രാവിലെ ചായ മാത്രമേയുള്ളൂ. രണ്ടുമണി മുതലാണ് പലാഹരങ്ങളുണ്ടാകുന്നത്. രാത്രി എട്ടുവരെയാണ് കട പ്രവർത്തിക്കുന്നത്. ചൂടു പരിപ്പുവടയും ഉഴുന്നുവടയും പഴംപൊരിയും വാങ്ങാൻ ദൂരെനിന്നുപോലും ആളുകളെത്തുന്നുണ്ടെന്നാണ് പ്രത്യേകത.
പരിപ്പുവടയ്ക്ക് അഞ്ചുരൂപയാണ് വില. ഉഴുന്നുവടയ്ക്ക് ആറും പഴംപൊരിക്ക് പത്തും രൂപവീതവുമാണ് ഈടാക്കുന്നത്. എന്നാൽ, പ്രായത്തിന്റേതായ അസുഖങ്ങളെല്ലാം മധുരാമ്മയ്ക്കുണ്ട്. മുൻപ് ഹൃദയാഘാതമുണ്ടായി. വസന്തകുമാരിയുടെ കാൽ തളർന്നുപോയതാണ്. നടക്കാനാകുമെങ്കിലും കടുത്തവേദന കാരണം തുടർച്ചയായി നിൽക്കാനോ നടക്കാനോ പറ്റില്ല. ഈ പ്രതിസന്ധികളെയും മറികടന്നാണ് കച്ചവടം നടത്തുന്നത്.
മധുരാമ്മ ചായയ്ക്കു പാക്കറ്റുപാൽ ഉപയോഗിക്കില്ല. നേരിട്ടുവാങ്ങുന്ന കറവപ്പാൽ മാത്രമാണ് ഉപയോഗിക്കുന്നത്. പലഹാരങ്ങൾ പൊതിയുന്നതു വാഴയിലയിലാണ്. പാചകം വിറകടുപ്പിലും. കടയിൽ തിരക്കേറുമ്പോഴും ആരെയും അധികനേരം കാത്തുനിർത്തുന്നത് ഇവർക്കിഷ്ടമല്ല. പലഹാരം വാങ്ങാനെത്തുന്നരോടു കുശലംപറഞ്ഞ്, സങ്കടങ്ങൾ മറന്നിവർ ജീവിതം ആസ്വദിക്കുകയാണ്. മധുരാമ്മയുടെ ഭർത്താവ് കുട്ടൻപിള്ള നേരത്തേ മരണപ്പെട്ടിരുന്നു.
ഏഴുമക്കളാണുള്ളത്, നാലാണും മൂന്നുപെണ്ണും. അച്ഛനുമമ്മയുംചേർന്ന് ചായക്കട നടത്തിയാണു തങ്ങളെ വളർത്തിയതെന്നു വസന്തകുമാരി പറഞ്ഞു. ഒരു സഹോദരൻ മരിച്ചു. ബാക്കിയുള്ളവരെല്ലാം തട്ടീംമുട്ടീം ജിവിച്ചു പോകുന്നവരാണ്. രണ്ടുപേർക്കു സ്വന്തമായി വീടില്ല. ഭർത്താവിന്റെ മരണശേഷം അമ്മയുമൊത്തു കടതുടങ്ങുകയായിരുന്നു. രണ്ടു പെൺമക്കളെ കെട്ടിച്ചയച്ചു. ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കണമെന്നാണ് ആഗ്രഹമെന്നും വസന്തകുമാരി പറയുന്നു.
Discussion about this post