ചിറയിൻകീഴ്: യുട്യൂബ് നോക്കി വീട്ടിൽ മുന്തിരി വൈനുണ്ടാക്കി സ്‌കൂളിൽ വിതരണം ചെയ്ത് 12 വയസുകാരൻ. ദ്രാവകം ഉള്ളിൽച്ചെന്ന ഛർദിച്ച് അവശനായ മറ്റൊരു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറയിൻകീഴ് മുരുക്കുംപുഴ വെയിലൂർ ഗവൺമെന്റ് ഹൈസ്‌കൂളിലാണ് അമ്പരപ്പിക്കുന്ന സംഭവ വികാസങ്ങൾ അരങ്ങേറിയത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടിൽ രക്ഷിതാക്കൾ വാങ്ങിക്കൊടുത്ത മുന്തിരി ഉപയോഗിച്ച് യുട്യൂബ് വീഡിയോയുടെ സഹായത്തോടെയാണ് 12 കാരൻ മിശ്രിതം തയ്യാറാക്കിയത്.
പോലീസ് സ്‌കൂളിലെത്തി സ്‌കൂൾ അധികൃതരോടു വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. മിശ്രിതം സ്‌കൂളിലെത്തിച്ച വിദ്യാർഥിയുടെ മാതാവിനെ വിളിച്ചുവരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും മുന്നറിയിപ്പു നൽകുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ രക്ഷിതാവിനെ കാര്യങ്ങൾ അറിയിച്ച് ജാഗ്രതാ നടപടികൾ സ്വീകരിച്ചതായി സ്‌കൂൾ അധികൃതരും വ്യക്തമാക്കി.