സ്വന്തം പഠനത്തിന് വേണ്ട ചെലവുകൾ കണ്ടെത്താനായി തെരുവിൽ മീൻകച്ചവടം നടത്തിയ പെൺകുട്ടിയാണ് ഹനാൻ. അധ്വാനിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്ന ഹനാൻ അന്ന് വാർത്തകളിലെ താരം കൂടിയായിരുന്നു. തുടർന്ന് 2018 ൽ വാഹനാപകടത്തിൽ നട്ടെല്ലിന് പരിക്കു പറ്റിയ ഹനാൻ ഏറെനാൾ ചികിത്സയിലായിരുന്നു.
അപകടത്തിൽ സാരമായി പരിക്കേറ്റ ഹനാന് 10 ശതമാനം മാത്രമാണ് നടക്കാൻ സാധിക്കുകയൊള്ളൂവെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. ഈ ദുരിതങ്ങളെല്ലാം മറികടന്ന് പുത്തൻ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഹനാൻ. കഠിനമായ വർക്ഔട്ട് വിഡിയോയാണ് ഇപ്പോൾ ഹനാൻ പങ്കുവെച്ചരിക്കുന്നത്. വെറും രണ്ടു മാസം കൊണ്ടാണ് ഹനാൻ ഇപ്പോഴത്തെ രീതിയിൽ ശരീരം ടോൺ ചെയ്‌തെടുത്തിരിക്കുന്നത്.
‘ജിമ്മിൽ പോകുന്നുവെന്ന് ആദ്യം പറഞ്ഞപ്പോൾ ഈ പീക്കിരിയാണോ ജിമ്മിൽ പോകുന്നതെന്നൊക്കെയായിരുന്നു നാട്ടുകാരുടെ ചോദ്യം. ജിമ്മിൽ വന്നപ്പോൾ ഒരുപക്ഷേ മാസ്റ്റർക്കും തോന്നിയിട്ടുണ്ടാകാം ഇവിടുത്തെ കാര്യങ്ങളൊക്കെ ഒരു 20 ശതമാനം മാത്രമേ ഇവൾക്കു ചെയ്യാൻ സാധിക്കൂവെന്ന്. എന്നാൽ ഒരിക്കലും നിന്നെക്കൊണ്ട് സാധിക്കില്ലെന്നു മാസ്റ്റർ പറഞ്ഞിട്ടില്ല’ ഹനാൻ പറയുന്നു.
വളഞ്ഞാണ് നടക്കുന്നത്, ഇരുന്നു കഴിഞ്ഞാൽ ആരെങ്കിലും പിടിച്ച് എഴുന്നേൽപ്പിക്കണം എന്നൊക്കെയുള്ള വിഷമം പറഞ്ഞപ്പോൾ ഇതൊക്കെ ശരിയാക്കാം, കുറച്ചു സമയം തരണം എന്നാണ് മാസ്റ്റർ പറഞ്ഞതെന്നും ഹനാൻ പറയുന്നു. ജിന്റൊ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിലാണ് ഹനാന് ട്രെയിനിങ് നൽകുന്നത്.