ആലുവ: ബുട്ടീക് ഉടമയും വ്‌ളോഗറുമായ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാക്കനാട് കിഴക്കേക്കര വീട്ടിൽ അബ്ദുൽ ഷുക്കൂർ ആണ് ജയിൽ റോഡിലെ ടൂറിസ്റ്റ് ഹോമിൽ ബുധനാഴ്ച രാത്രി ജീവനൊടുക്കിയത്. 49 വയസായിരുന്നു.
ചെമ്പുമുക്ക് സ്വദേശിയായ ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയെക്കുറിച്ച് എഴുതിയ 4 സെറ്റ് ആത്മഹത്യാക്കുറിപ്പുകൾ മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. 2 ദിവസം മുൻപാണു ഷുക്കൂർ ഇവിടെ മുറിയെടുത്തത്. ചെമ്പുമുക്ക് സ്വദേശിയിൽ നിന്ന് 5 വർഷം മുൻപ് 5 ലക്ഷം രൂപ കടം വാങ്ങിയെന്നും അതിനു പ്രതിമാസം 25,000 രൂപ വീതം ഇതുവരെ 15 ലക്ഷം രൂപ പലിശ നൽകിയെന്നും കുറിപ്പിൽ പറയുന്നുണ്ട്.
എന്നിട്ടും പലിശക്കാരൻ തന്നെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പിൽ പരാമർശിക്കുന്നത്. കളക്ടറും പൊലീസ് കമ്മിഷണറും ഉൾപ്പെടെ 4 ഉദ്യോഗസ്ഥർക്കാണു കത്തു തയാറാക്കി വച്ചത്. വീടിന്റെ മുകളിലെ നിലയിലായിരുന്നു ഷുക്കൂറിന്റെ ബുട്ടീക്.
‘ഞാൻ ഒരു കാക്കനാടൻ’ എന്ന പേരിൽ യൂട്യൂബ് പരിപാടികൾ അവതരിപ്പിച്ചിരുന്നു. കബറടക്കം നടത്തി. ഭാര്യ: റഷീദ. മകൻ: ഫഹദ്. ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന പലിശക്കാരനെ നിലവിൽ കേസിൽ പ്രതി ആക്കിയിട്ടില്ലെന്നാണ് വിവരം. ഇൻസ്‌പെക്ടർ എൽ. അനിൽകുമാറാണു കേസ് അന്വേഷിക്കുന്നത്.