മണ്ണാര്‍ക്കാട്: പോലീസ് സ്റ്റേഷനില്‍ കയറി ‘ഏലോലോം ഏലോലോം’ പാട്ട് പാടി താരമായി ഏഴാം ക്ലാസുകാരന്‍. നാട്ടുകല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരെയാണ്
കുട്ടിപ്പാട്ടുകാരന്‍ കൈയിലെടുത്തിരിക്കുന്നത്. ഏഴാം ക്ലാസുകാരനായ യാദവ് കൃഷ്ണയാണ് വൈറല്‍ പാട്ടുകാരന്‍. യാദവ് പാട്ട് പാടുന്ന ദൃശ്യങ്ങള്‍ കേരള പോലീസ് അവരുടെ സമൂഹ്യമാധ്യമങ്ങളിലെ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്.
നാട്ടുകല്‍ പോലീസ് സ്റ്റേഷനിലെ പൂന്തോട്ടത്തില്‍ വളര്‍ത്തുന്ന മത്സ്യക്കുഞ്ഞുങ്ങളെ കാണാനെത്തുന്ന സ്ഥിര സന്ദര്‍ശകനാണ് യാദവ്. മത്സ്യക്കുഞ്ഞുങ്ങളെ തരാമോ എന്ന് ചോദിച്ചപ്പോള്‍ പാട്ടുപാടിയാല്‍ തരാമെന്ന് പോലീസുകാര്‍ പറഞ്ഞതോടെ യാദവ് പിന്നെ ഒന്നും നോക്കാതെ സ്റ്റേഷനിലെ കസേരയില്‍ കൊട്ടി പാടുകയായിരുന്നു.
സിപിഒ റഷീദ് പാട്ട് ഫോണില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലാകുകയായിരുന്നു. ഇത് പിന്നീട് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലും പങ്കുവെച്ചതോടെ ലൈക്കും ഷെയറും അഭിനന്ദനങ്ങളുമായി നിരവധിപേരെത്തി.
കൂളാകുറിശ്ശി വീട്ടില്‍ സിജിലേഷിന്റെയും ഷീബയുടെയും മൂത്ത മകനാണ് 12 വയസ്സുകാരന്‍ യാദവ് കൃഷ്ണന്‍. ചെര്‍പ്പുളശ്ശേരി ജിയുപിഎസില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് യാദവ്. വീടുപണി നടക്കുന്നതിനാല്‍ കുടുംബം ചെര്‍പ്പുളശ്ശേരി നെല്ലായ വാടകവീട്ടിലാണ് താമസിക്കുന്നത്.
തച്ചനാട്ടുകരയുള്ള അമ്മ വീട്ടില്‍ രണ്ടുദിവസം മുമ്പ് വിരുന്നിനെത്തിയപ്പോഴാണ് യാദവ് പോലീസ് സ്റ്റേഷനിലെത്തിയത്. ‘തച്ചനാട്ടുകരയില്‍ പോകുമ്പോഴെല്ലാം പൊലീസ് സ്റ്റേഷനില്‍ പോകാറുണ്ട്. പോലിസുകാര്‍ പാടാന്‍ പറഞ്ഞപ്പോള്‍ അവന്‍ പാടി.
പാട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുമെന്ന് കരുതിയില്ല. ടിവിയിലും ഫോണിലും കേട്ടാണ് പാട്ട് പഠിക്കുന്നത്. മണ്ണാര്‍ക്കാട്ടെ തുടിതാളം നാടന്‍പാട്ട് സംഘത്തിന്റെ കീഴില്‍ പാടാന്‍ പോകുന്നുണ്ട്’, യാദവിന്റെ അമ്മ പറഞ്ഞു.