മഞ്ചേരി: ഒന്നിച്ചു പിറന്നു കളിച്ചു വളർന്ന സഹോദരിമാർക്ക് ഒരേ വേദിയിൽ മാംഗല്യം. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അവർ മൂന്നുപേരും ജനിച്ചത്. ഹംന നിദ, ഷംന ഹുദ, ദിംന ഫിദ എന്നിവരാണ് മൂന്ന് ശരീരവും ഒറ്റ ആത്മാവുമായി ഇതുവരെ ജീവിച്ചത്.
ഊണും ഉറക്കവും പഠനവും എല്ലാം ഒന്നിച്ചായിരുന്നു. സുഖദുഃഖങ്ങൾ പങ്കുവെച്ച് കഴിഞ്ഞവർ ഇപ്പോൾ പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്നു പേരെയും ഒരേ വേദിയിൽ ജീവിതപങ്കാളികളെ കൈപിടിച്ചേൽപ്പിക്കാനായ സന്തോഷത്തിലാണ് നെല്ലിക്കുത്ത് മുണ്ടക്കാട് പാറക്കൽ വീട്ടിൽ മുസ്തഫയും ഭാര്യ ബബിതയും.
നെല്ലിക്കുത്ത് സഫ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹച്ചടങ്ങ് നടത്തിയത്. 2004 ജൂലൈ 29-ന് നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ബബിത മൂന്നു പേർക്ക് ജന്മം നൽകിയത്. മദ്രസയിലും സ്കൂളിലും പഠിച്ചതൊക്കെ ഒരേ ക്ലാസിൽ ആണ്.
ആമക്കാട് കിടങ്ങയം മാഞ്ചീരി അസ് ലഹാണ് ഹംനയുടെ വരൻ. കേബിൾ നെറ്റ് വർക്ക് ജീവനക്കാരനായ നെല്ലിക്കുത്ത് മുക്കം മാട്ടായി ശംസീറാണ് ഷംനയുടെ പുതുമാരൻ. പ്രവാസിയായ വെള്ളുവങ്ങാട് വടക്കാങ്ങര വീട്ടിൽ കബീറാണ് ദിംനയുടെ ജീവിതപങ്കാളി.
Discussion about this post