മലപ്പുറം: മലപ്പുറം തിരൂരിന് അടുത്ത് തിരുനാവായയിൽ താമസിച്ച് പഠുക്കുന്ന മദ്രസയ്ക്ക് ഉള്ളിൽ 11 വയസ്സുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശി ഒറുവിൽ ജംഷീറിന്റെ മകൻ മൊയ്തീൻ സ്വാലിഹ് ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് വിദ്യാർത്ഥിയെ കിടക്കുന്ന മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
26 വിദ്യാർത്ഥികൾ ഒരുമിച്ച് താമസിക്കുന്ന ഹാളിലാണ് സ്വാലിഹിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മരണം സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്. ഇതിനിടെയാണ് മകന്റേത് ആത്മഹത്യയല്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് മാതാപിതാക്കൾ നിയമനടപടിക്ക് ഒരുങ്ങുന്നത്. തന്റെ കുട്ടിയുടെ മരണത്തിനുത്തരവാദികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നും, മദ്രസ്സ അധ്യാപകരെ ചോദ്യം ചെയ്യണമെന്നും സ്വാലിഹിന്റെ പിതാവ് ആരോപിച്ചു .
തിരുനാവായ പട്ടർനടക്കാവിലെ കൈതക്കര ജുമാമസ്ജിദിനോടനുബന്ധിച്ചുള്ള ഹിഫ്‌ളുൽ ഖുർആൻ ദർസിലെ വിദ്യാർത്ഥിയായിരുന്നു സ്വാലിഹ്. രാവിലെ പ്രാർത്ഥനക്ക് എഴുന്നേറ്റപ്പോൾ സഹപാഠികളാണ് മൊയ്തീൻ സ്വാലിഹിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
സംഭവ സ്ഥലത്തെത്തിയ കൽപകഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ് മോർട്ടത്തിന് അയച്ചു. മൊയ്തീൻ സ്വാലിഹിന്റെ മരണ കാരണം അന്വേഷിച്ചു വരികയാണെന്ന് പോലീസ് ഇൻസ്‌പെക്ടർ എഎം യാസിർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
Discussion about this post