നെടുങ്കണ്ടം: മാല മോഷ്ടിച്ചവരെ പിടികൂടിയെന്ന പത്രവാർത്ത വായിച്ച് പൊട്ടിക്കരഞ്ഞ വീട്ടമ്മയുടെ കരച്ചിലിനി കാരണം തിരക്കിയ സുഹൃത്തുക്കൾ മറനീക്കിയത് മാലമോഷണത്തിലെ ദുരൂഹത. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. നെടുങ്കണ്ടം പോലീസ് രണ്ട് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഈ വാർത്തയിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം.
മോഷ്ടാക്കളുടെ ഏറ്റുപറച്ചിലിൽ ഇവർ പൊട്ടിച്ചെടുത്ത മാല പോലീസ് കണ്ടെടുത്തുവെങ്കിലും ആരുടേതാണെന്നത് കണ്ടെത്താനായിരുന്നില്ല. പരാതി ലഭിക്കാത്തതിനാൽ ഉടമയെ അറിയാതെ പോലീസും കുഴങ്ങി.
പിന്നീടാണ് പത്രത്തിൽ സംഭവം വാർത്തയായത്. മോഷ്ടിക്കപ്പെട്ട സ്വർണമാല ഉടമയെ കാത്തിരിക്കുന്നുവെന്നായിരുന്നു ആ വാർത്ത. അങ്കണവാടിയിലെ ആയയായ സുലോചന രാവിലെ വാർത്ത വായിച്ചതും പൊട്ടിക്കരഞ്ഞു. ഇതോടെ ഒപ്പമുണ്ടായിരുന്ന അങ്കണവാടി അധ്യാപിക സുമ കാര്യം തിരക്കി. അപ്പോഴാണ് താൻ കവർച്ചയ്ക്കിരയായിരുന്നു എന്ന കാര്യം അവർ തുറന്ന് പറയുന്നത്.
ജൂലൈ ഒന്നിന് വൈകീട്ട് 3ന് അങ്കണവാടിയിലെ ജോലിക്കു ശേഷം തൂവൽ വെയ്റ്റിങ് ഷെഡിൽ നിൽക്കുകയായിരുന്നു സുലോചനയാണ് കവർച്ചയ്ക്ക് ഇരയായത്. കനത്ത മഴയും കാറ്റുമുണ്ടായിരുന്നു ആ സമയത്ത്. തുടർന്ന് ബൈക്കിലെത്തിയ 2 ചെറുപ്പക്കാർ വെയ്റ്റിങ് ഷെഡിൽ കയറി. ചെറുപ്പക്കാർ സുലോചനയോട് സംസാരിക്കാനായി വന്നു. സൗഹൃദഭാവത്തിൽ നിന്നിരുന്ന യുവാക്കൾ പെട്ടെന്നു സുലോചനയുടെ കഴുത്തിൽ കിടന്ന മാല വലിച്ചുപറിച്ച് ബൈക്കിൽ കയറി കടന്നുകളയുകയായിരുന്നു.
എന്നാൽ കനത്തമഴയിൽ അലറിക്കരഞ്ഞെങ്കിലും ശബ്ദം പുറത്തേക്കു കേട്ടില്ല. സംഭവം ആരുമറിഞ്ഞതുമില്ല. സുലോചന തുച്ഛമായ വരുമാനം സ്വരുക്കൂട്ടി 4 വർഷം മുൻപ് ഏറെ കഷ്ടപ്പെട്ടു വാങ്ങിയ മാലയാണ്. വിഷമവും ഭയവും കാരണം ഇക്കാര്യം സുലോചന അങ്കണവാടിയിലോ സുഹൃത്തുക്കളോടോ ഒന്നും പറഞ്ഞിരുല്ല.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം തങ്കമണി മേഖലയിൽ നടന്ന മാല മോഷണക്കേസിൽ 2 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളായ തോപ്രാംകുടി സ്വദേശി അതുൽ, രാഹുൽ എന്നിവർ പോലീസ് ചോദ്യം ചെയ്യലിൽ നെടുങ്കണ്ടം തൂവലിൽ നിന്നും ഒരു വീട്ടമ്മയുടെ മാല മോഷ്ടിച്ചതായി വെളിപ്പെടുത്തിയിരുന്നു. പോലീസ് അന്വേഷണം നടത്തിയെങ്കിലും സുലോചന പരാതി നൽകാത്തതിനാൽ മാലയുടെ ഉടമയെ കണ്ടെത്താനായില്ല.
എന്നാൽ പിന്നീട് വാർത്ത വായിച്ച് പൊട്ടിക്കരഞ്ഞ സുലോചനയുടെ പക്കൽ നിന്നും വിവരങ്ങൾ അറിഞ്ഞ സുമ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് എസ്‌ഐ ജി അജയകുമാറിന് വിശദമായ പരാതിയും എഴുതി നൽകി. കവർന്ന ഒന്നേമുക്കാൽ പവൻ തൂക്കമുള്ള മാല മോഷ്ടാക്കൾ പണയം വച്ചത് പോലീസ് കണ്ടെത്തി. നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി കോടതി വഴി സുലോചനയ്ക്ക് മാല കൈമാറാനാണ് പോലീസിന്റെ തീരുമാനം.