തിരുവനന്തപുരം: തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്സ്പ്രസില്‍ പാമ്പിനെ കണ്ടത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തീവണ്ടി തിരൂരിലെത്തിയപ്പോഴാണ് യാത്രക്കാരിലൊരാള്‍ പാമ്പിനെ കണ്ടത്. എസ്.5 സ്ലീപ്പര്‍കോച്ചിലെ ബെര്‍ത്തുകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടത്.
ബുധനാഴ്ച രാത്രി 10.15ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ 22633 തിരുവനന്തപുരം നിസാമുദ്ദീന്‍ എക്സ്പ്രസ് തിരൂരില്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. എസ് അഞ്ച് കമ്പാര്‍ട്ടുമെന്റിലെ 34, 35 ബര്‍ത്തുകള്‍ക്കിടയിലാണ് യാത്രക്കാരന്‍ പാമ്പിനെ കണ്ടത്.
കണ്ണൂര്‍ സ്വദേശി പി നിസാറിന്റെ ഭാര്യ ഹൈറുന്നീസയും ഒരു പെണ്‍കുട്ടിയുമാണ് പാമ്പിനെ ആദ്യം കണ്ടത്. ഇതോടെ യാത്രക്കാര്‍ ബഹളം വച്ചു. യാത്രക്കാരിലൊരാള്‍ വടി കൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും കൊല്ലരുതെന്നു പറഞ്ഞു ചിലര്‍ ബഹളം വച്ചു. യാത്രക്കാരന്‍ ഉടനെ പാമ്പിനെ ദേഹത്തു നിന്നും വടിമാറ്റി. ഉടനെ പാമ്പ് കംപാര്‍ട്‌മെന്റിലൂടെ മുന്നോട്ടു പോയി.
ഉടന്‍ റെയില്‍വേ പോലീസില്‍ വിവരമറിയിച്ചതനുസരിച്ച് ട്രെയിന്‍ കോഴിക്കോട് നാലാം പ്ലാറ്റ്ഫോമില്‍ എത്തിയപ്പോള്‍ ഫയര്‍ഫോഴ്സും വനശ്രീയിലെ പാമ്പുപിടിത്തക്കാരായ ലൈജുവും അനീഷും തയ്യാറായി സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി കമ്പാര്‍ട്ടുമെന്റില്‍ സൂക്ഷ്മപരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
കമ്പാര്‍ട്ടുമെന്റിന് അകത്ത് പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരം നിസാമുദ്ദീന്‍ എക്സ്പ്രസ് ഒരു മണിക്കൂറോളം പിടിച്ചിട്ടു. കമ്പാര്‍ട്ടുമെന്റിലെ ഒരു ദ്വാരത്തില്‍ പാമ്പ് കയറിയെന്നാണ് നിഗമനം. ദ്വാരം നന്നായി അടച്ച ശേഷം ഒടുവില്‍ പാമ്പുമായി ട്രെയിന്‍ യാത്ര തുടരുകയായിരുന്നു.
ദ്വാരം നന്നായി അടച്ച ശേഷം ഒരു മണിക്കൂര്‍ വൈകി 11.15ന് ട്രെയിന്‍ യാത്ര തുടര്‍ന്നു. കമ്പാര്‍ട്ടുമെന്റില്‍ കണ്ടത് ചേരയാണെന്ന് യാത്രക്കാരന്‍ അയച്ചുകൊടുത്ത വീഡിയോയില്‍ നിന്ന് വ്യക്തമാക്കുന്നതായി ലൈജു പറഞ്ഞു.