പെരുമ്പിലാവ്: ചെറുകാറുകൾക്ക് നേരെ മാത്രം കുരച്ചു ചാടും. മറ്റുള്ള യാത്രികരെ വെറുതെ വിടും. കൂടാതെ സ്നേഹ പ്രകടനവും. വെളുപ്പിന് കൃത്യം 5:30ക്ക് എത്തിയാണ് വിചിത്രമായ രീതിയിൽ ഒരു നായകുട്ടി പെരുമാറുന്നത്. ഈ ദിനചര്യ തുടങ്ങിയിട്ട് വർഷം 2കഴിഞ്ഞു. എന്നാൽ ഇതിനു പിന്നിലെ കാരണമാണ് ഇപ്പോൾ ഏവരുടെയും കണ്ണുകളെ നനക്കുന്നത്.
ദിവസവും രാവിലെ അഞ്ചരയ്ക്കും ആറിനുമിടയിൽ പെരുമ്പിലാവ് സെന്ററിലെ മിൽമ ബൂത്തിനു സമീപമെത്തിയാണു നായ കാറുകൾക്കു നേരെ കുരച്ചോടുന്നത്. കുറച്ചു സമയത്തിനു ശേഷം സ്ഥലം വിടുകയും വൈകുന്നേരം ഇതേസമയത്തു മടങ്ങിയെത്തി വീണ്ടും കാറുകൾക്ക് നേരെ അക്രമം തുടരുകയും ചെയ്യും.
2 വർഷം മുൻപ് ഇതേ സ്ഥലത്തു ഈ തെരുവുനായയെ ഒരു കാർ ഇടിച്ചുവീഴ്ത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റു ജീവനു വേണ്ടി പിടഞ്ഞ നായയെ പെരുമ്പിലാവിലെ വ്യാപാരികളും നാട്ടുകാരും ചേർന്നാണു രക്ഷിച്ചതും ശുശ്രൂഷിച്ചതും. ശേഷം, ജീവൻ തിരിച്ചുകിട്ടിയ നായ മിൽമ ബൂത്ത് പരിസരത്തു തന്നെയങ്ങു കഴിഞ്ഞു കൂടി.
ബൂത്ത് ഉടമ തോമസ് ബിസ്കറ്റും പാലും നൽകും. പകലും രാത്രിയും പലയിടത്തായി കറങ്ങി നടന്നാലും രാവിലെയും സന്ധ്യയ്ക്കും നായ പെരുമ്പിലാവ് സെന്ററിലെത്തും. നേർത്ത വെളിച്ചമുള്ള സമയത്തായിരുന്നു 2 വർഷം മുൻപു നായയെ വണ്ടിയിടിച്ചത്. തന്നെ ഇടിച്ചുവീഴ്ത്തിയ കാറിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ നായക്കുട്ടി.
കോഴിക്കോട്, പട്ടാമ്പി ഭാഗങ്ങളിൽ നിന്നെത്തുന്ന ചെറുകാറുകളെ ഉറ്റുനോക്കി കുരച്ചു കൊണ്ടു പിന്നാലെയോടുന്നതാണ് രീതി. ആരെയും ഇന്നുവരെ ഉപദ്രവിച്ചതായി അറിവില്ല. രാവിലെയും സന്ധ്യയ്ക്കും അരമണിക്കൂർ വീതമുള്ള ഓട്ടത്തിനു ശേഷം എങ്ങോട്ടോ പോകും. എങ്കിലും അടുത്ത ദിവസം കൃത്യമായി എത്തും കാറിനെ പിടികൂടാൻ.
Discussion about this post