കണ്ണൂര്‍: നവോത്ഥാനത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനായി സംസ്ഥാനത്തെ വനിതകള്‍ സംഘടിപ്പിക്കുന്ന വനിതാമതിലിനെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതില്‍ എന്തിനെന്നുപോലും പ്രതിപക്ഷ നേതാവിന് അറിയില്ലെന്നും വനിതകള്‍ക്കെതിരായ അക്രമങ്ങളെ വനിതകളെ മുന്‍നിര്‍ത്തി പ്രതിരോധിക്കാനാണ് മതിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രിസ്ത്യന്‍ മുസ്ലിം വിഭാഗത്തില്‍ നിന്നു മികച്ച പിന്തുണയാണ് മതിലിനു ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേമപെന്‍ഷകാരില്‍ നിന്നും വനിതാ മതിലിന് വേണ്ടി പിരിവു വാങ്ങിയെന്ന ആരോപണങ്ങള്‍ക്ക് തെളിവു ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും ക്ഷേമപെന്‍ഷനില്‍ കയ്യിട്ടുവാരുന്ന പാരമ്പര്യം കമ്യൂണിസ്റ്റുകാരുടേതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോപണം ശുദ്ധനുണയാണെന്നും ഈ കാര്യം നേരിട്ട് അന്വേഷിച്ചതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
വനിതാ മതില്‍ എന്തു ലക്ഷ്യത്തിലാണു സംഘടിപ്പിക്കുന്നത്? നവോത്ഥാന മൂല്യങ്ങള്‍സംരക്ഷിക്കാനാണെങ്കില്‍ പുരുഷന്മാരെ ഒഴിവാക്കിയതെന്തിന്? ശബരിമലയിലെ യുവതീപ്രവേശവുമായി വനിതാ മതിലിനു ബന്ധമുണ്ടോ? ശബരിമലയിലെ യുവതീപ്രവേശ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണു വനിതകളുടെ മതിലെന്ന ആശയം ഉരുത്തിരിഞ്ഞു വന്നതെങ്കിലും സിപിഎമ്മും സര്‍ക്കാരും അതു തുറന്നു പറയാന്‍ മടിക്കുന്നത് എന്തുകൊണ്ട്? തുടങ്ങിയ ചോദ്യങ്ങള്‍ മുഖ്യമന്ത്രിയോടായി പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു. ഇത്തരത്തില്‍ പത്തോളം ചോദ്യങ്ങളാണ് ചെന്നിത്തല ചോദിച്ചത്.