നമ്പര്‍ പോലും പറയാതെ മാറ്റിവച്ച ടിക്കറ്റിന് 75 ലക്ഷം അടിച്ചു; സന്ധ്യമോള്‍ക്ക് ടിക്കറ്റ് കൈമാറി സാജന്റെ സത്യസന്ധത

കോട്ടയം: നമ്പര്‍ പോലും നോക്കാതെ എടുത്തുവച്ച ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചു,
യഥാര്‍ഥ ഉടമയ്ക്ക് തന്നെ കൈമാറി മാതൃകയായി കാഞ്ഞിരമറ്റം വെട്ടികാട് ലക്കി സെന്റര്‍ ഉടമ സാജന്‍ തോമസ്. സന്ധ്യമോള്‍ക്ക് മാറ്റിവച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയുടെ അടിച്ചത്.

ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ എസ്ഡി 211059 എന്ന നമ്പരിനായിരുന്നു 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഹെല്‍ത്ത് നഴ്സാണ് കെജി സന്ധ്യമോള്‍.

മൂന്നുമാസം മുന്‍പ് തൊട്ടടുത്ത സ്ഥാപനത്തില്‍ വന്നപ്പോഴാണ് ചില്ലറയുടെ ആവശ്യത്തിന് ലോട്ടറി കടയിലെത്തി കാഞ്ഞിരമറ്റം സ്വദേശിയായ സാജനെ പരിചയപ്പെട്ടത്. അന്നുമുതല്‍ സഹോദരബന്ധമാണ് ഇരുവര്‍ക്കുമിടയിലും. ടിക്കറ്റെടുക്കുന്ന ശീലമില്ലെങ്കിലും, ഇടയ്ക്ക് ഒരു സെറ്റ് ടിക്കറ്റ് എടുത്തുവെച്ചിട്ടുണ്ടെന്ന സാജന്റെ അറിയിപ്പുകളെ സന്ധ്യമോള്‍ അവഗണിച്ചിരുന്നില്ല. അടിച്ചാലും ഇല്ലെങ്കിലും ടിക്കറ്റിന്റെ പണം കൃത്യമായി നല്‍കും.

ചൊവ്വാഴ്ച രാവിലെയും ടിക്കറ്റ് എടുത്തുവച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അത് ഒന്നാം സമ്മാനം കൊണ്ട് വരുമെന്ന് ചിന്തിച്ചിട്ടില്ല. അതാണ് നമ്പര്‍ പോലും അന്വേഷിക്കാതിരുന്നത്.

ഒന്നാം സമ്മാനം തന്റെ കടയിലാണെന്ന് തൊടുപുഴ മഞ്ജു ലക്കി സെന്ററില്‍ നിന്നാണ് സാജനെ വിളിച്ചറിയിച്ചത്. മാറ്റിവെച്ച ആ 12 ടിക്കറ്റുകളിലൊന്നിനാണ് സമ്മാനമെന്ന്
അറിഞ്ഞതോടെ ഉടന്‍ സന്ധ്യയെ വിളിച്ച് അറിയിച്ചു.

നഗരസഭ കൗണ്‍സിലര്‍ ജിതേഷിന്റെയും മറ്റുള്ളവരുടെയും സാന്നിധ്യത്തില്‍ ടിക്കറ്റ് അവര്‍ക്ക് കൈമാറി. മറ്റ് 11 ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനവും ലഭിക്കും.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പാലാ റോഡ് ശാഖയിലെത്തി സന്ധ്യമോള്‍ ടിക്കറ്റ് കൈമാറി. കോട്ടയം മാന്നാനം കുരിയാറ്റേല്‍ ശിവന്‍നാഥിന്റെ ഭാര്യയാണ്. അവന്തിക, അരിഹന്ത് എന്നിവരാണ് മക്കള്‍.

Exit mobile version