കോന്നി: പട്ടനംതിട്ട കോന്നിയിലെ യുവാവ് ഓൺലൈൻ റമ്മി കളിച്ച് ലക്ഷങ്ങൾ നഷ്ടപ്പെട്ട് മാനസികനില തകരാറിലായി ചകിത്സയിൽ. ഓൺലൈൻ റമ്മി കളിച്ച് ഒറ്റ ദിവസം കൊണ്ട് 8 ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെയാണ് യുവാവിന്റെ മാനസികനില തകരാറിലായതെന്ന് 24 ന്യൂസ് റിപ്പോർട്ട് ചെയ്തു.
യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റമ്മി കളിയിലൂടെ പണം നഷ്ടമായ മറ്റൊരാളാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഓൺലൈൻ റമ്മി കളിയിലൂടെ ഒറ്റ ദിവസം കൊണ്ട് 3 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇയാൾ പറയുന്നു. ഒരാഴ്ച്ച കൊണ്ട് 50 ലക്ഷം രൂപ നഷ്ടപ്പെട്ട കോന്നി സ്വദേശി ആത്മഹത്യയുടെ വക്കിലാണെന്നും പണം പോയവർ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ഓരോ തവണ പണം നഷ്ടമാവുമ്പോഴും അടുത്ത തവണ തിരിച്ചുപിടിക്കാമെന്ന വാശിയിലാണ് ഗെയിം കളിക്കുന്നതെന്ന് പണം നഷ്ടമായവർ പറയുന്നു. സമ്മാനം അടിക്കുമ്പോൾ പണം ഉടനെ ലഭിച്ചില്ലെങ്കിലും തോറ്റാൽ അക്കൗണ്ടിൽ നിന്ന് അപ്പോൾ തന്നെ പണം പോകുന്നതാണ് പതിവ്.
ചെറുപ്പക്കാരാണ് റമ്മി കളിക്ക് അടിമപ്പെട്ടവരിൽ കൂടുതലും. ഓൺലൈൻ റമ്മി കളിയിലൂടെ മാനസികാരോഗ്യവും ജീവിതകാലയളവിലെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ടവർ നിരവധിയുണ്ടെന്നാണ് വിവരം. പലരും നാണക്കേട് കാരണം പുറത്തുവപറയാത്തതാണ്.
നേരത്തെ, ഇത്തരം റമ്മി പരസ്യങ്ങളിൽ നിന്ന് സിനിമാ താരങ്ങൾ പിന്മാറണമെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇത്തരം നാണംകെട്ട പരസ്യങ്ങളിൽ നിന്ന് താരങ്ങളെ പിന്തിരിപ്പിക്കാൻ സാംസ്‌കാരിക മന്ത്രി ഇടപെടണമെന്നായിരുന്നു കെബി ഗണേഷ് കുമാർ ആവശ്യപ്പെട്ടത്.
അതേസമയം, റമ്മിയുടെ പരസ്യങ്ങളിലെ അഭിനയം നിയമം വഴി നിയന്ത്രിക്കാൻ കഴിയില്ലെന്നും താരങ്ങളുടെ മനസിലാണ് സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്നും വി എൻ വാസവൻ മറുപടി നൽകുകയും ചെയ്തിരുന്നു. പിന്മാറാനുള്ള അഭ്യർത്ഥന വേണമെങ്കിൽ നടത്താമെന്നും അദ്ദേഹം പറഞ്ഞു.