കുന്നംകുളം: വിവാഹം കഴിഞ്ഞ് അഞ്ചുവർഷം കാത്തിരുന്ന് പിറന്ന പിഞ്ചോമനയെ കാണാൻ കൊതിച്ച് കാത്തിരുന്നിട്ടും അതിന് നിയോഗമില്ലാതെ ശരത്ത് എന്ന യുവാവ് യാത്രയായി. കുന്ദംകുളത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ശരത്ത് മരണപ്പെട്ടപ്പോൾ പ്രസവ വേദനയുമായി ആശുപത്രി മുറിയിൽ കഴിയുകയായിരുന്നു ഭാര്യ നമിത. പക്ഷേ, തിങ്കളാഴ്ച ഉച്ചയ്ക്ക് ആൺകുട്ടി പിറന്നുവെന്ന സന്തോഷ വാർത്ത കേൾക്കാൻ ശരത്ത് ഉണ്ടായിരുന്നില്ല. അന്നേദിവസം പുലർച്ചെ ഉണ്ടായ ബൈക്ക് അപകടത്തിൽ ശരത്തിന്റെ ജീവൻ പൊലിഞ്ഞിരുന്നു.
ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിൽ നടക്കുന്ന സംസ്‌കാര ചടങ്ങിനു മുൻപു ഭാര്യ നമിതയെ വിവരമറിയിച്ച് ശരത്തിനെ അവസാനമായി ഒരു നോക്ക് കാണിക്കേണ്ടതെങ്ങനെ എന്ന നോവിലാണു ബന്ധുക്കൾ. ലേബർ റൂമിലേക്ക് പ്രസവ വേദനയുമായി കയറുന്നതിനിടയിലും നമിത അന്വേഷിച്ചത് ശരത്തിനെ ആയിരുന്നു. എന്നാൽ ഒന്നും അറിയിക്കാതെ നോവ് അമർത്തി നമിതയെ ആശ്വസിപ്പിക്കുകയായിരുന്നു ശരത്തിന്റെ മാതാപിതാക്കൾ.
സുഹൃത്തിനെ സഹായിക്കാനായി പുലർച്ചെ ബൈക്കുമായി പുറപ്പെട്ട യുവാവ് വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. വെട്ടിക്കടവ് പള്ളിക്കുസമീപം ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ശരത്ത് (30) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.
ശരത്തിന്റെ ഭാര്യ നമിതയെ പ്രസവത്തിനായി തൃശ്ശൂരിലെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നാലെ പുലർച്ചെ അഞ്ചിന് ഭാര്യയുടെ അടുത്തേക്ക് പുറപ്പെടാനായി എല്ലാം ഒരുക്കിവെച്ച് കിടന്നതായിരുന്നു ശരത്ത്. പുലർച്ചെ ഒന്നരയോടെ കൂട്ടുകാരൻ ബൈക്കിൽ പെട്രോൾ തീർന്ന് പാതിവഴിയിൽ നിൽക്കുകയാണെന്ന് അറിയിച്ച് വിളിക്കുകയായിരുന്നു. കുന്നംകുളം അഞ്ഞൂരിൽ പെട്ടുപോയ സുഹൃത്തിനെ സഹായിക്കാനായി മറ്റൊരു സുഹൃത്തുമായി അപ്പോൾത്തന്നെ പുറപ്പെടുകയായിരുന്നു ശരത്ത്.
സുഹൃത്തിന്റെ അടുത്തെത്താനുള്ള യാത്ര മരണത്തിലേക്കാണ് എന്ന് ആരും അറിഞ്ഞിരുന്നില്ല. അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാരും പരസ്പരസഹായ സമിതി ആംബുലൻസ് പ്രവർത്തകരും ചേർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരത്തിന് മരണം സംഭവിച്ചിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണത്തിനിടയാക്കിയത്.
ഒപ്പമുണ്ടായിരുന്ന പട്ടിത്തടം ചൂൽപ്പുറത്ത് വീട്ടിൽ അനുരാഗിന് (19) ഗുരുതര പരിക്കുണ്ട്.അനുരാഗിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാട്ടകാമ്പാൽ ചിറയ്ക്കലിൽ മൊബൈൽ ഷോപ്പ് നടത്തി വരികയാണ് ശരത്ത്. ബിജെപിയുടെ സേവനപ്രവർത്തനങ്ങളിൽ സജീവമായ ശരത്ത് താലൂക്ക് ആശുപത്രിയിലെ പൊതിച്ചോർ വിതരണത്തിലും സ്ഥിരമായി പങ്കെടുത്തിരുന്നു. അച്ഛൻ: ബാലകൃഷ്ണൻ. അമ്മ: ഷീല. സഹോദരി: ശരണ്യ. പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച സംസ്‌കാരം നടത്തും.പഴഞ്ഞി: