തിരുവനന്തപുരം: സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനായി പരീക്ഷകള്‍ മാറ്റിവെച്ച നടപടിക്ക് എതിരെ കെഎസ്‌യു ഗവര്‍ണറെ സമീപിക്കും.
ഹൈക്കോടതി ഉത്തരവ് പോലും വകവയ്ക്കാതെ വിദ്യാര്‍ത്ഥികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് വനിതാമതില്‍ പോലെയുള്ള പരിപാടിയില്‍ വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ സംവിധാനങ്ങളെയും ഉപയോഗിക്കുന്നത് ഗവര്‍ണറുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത് പറഞ്ഞു.
സ്വകാര്യ സ്‌കൂള്‍ വാഹനങ്ങള്‍ വനിതാ മതിലിന്റെ വിജയത്തിനായി ഉപയോഗിക്കുവാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തികളെ ഒരിക്കലും അംഗീകരിക്കുവാന്‍ സാധിക്കുകയില്ലെന്നും കെഎം അഭിജിത്ത് കൂട്ടിച്ചേര്‍ത്തു.