മൂന്നാർ: മൂന്നാറിലെ സ്വർണക്കടയിൽനിന്ന് രണ്ടുലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. 47കാരിയായ രഹാന ഹുസൈൻ ഫറൂക്കാണ് പിടിയിലായത്. ഇവരിൽനിന്നും 38 ഗ്രാം തൂക്കംവരുന്ന രണ്ട് മാലകൾ കണ്ടെടുത്തിട്ടുണ്ട്. ചെന്നൈ രായപുരത്ത് അതിസമ്പന്നർ താമസിക്കുന്ന ഫ്ലാറ്റിൽനിന്നാണ് മൂന്നാർ പോലീസ് ഇവരെ പിടികൂടിയത്.
മൂന്നാറിൽ സകുടുംബം വിനോദയാത്രയ്ക്കെത്തിയ ഇവർ മടങ്ങുന്ന ദിവസം, കൂടെയുള്ളവരറിയാതെ മോഷണം നടത്തുകയായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. കൂടാതെ അതിസമ്പന്ന കുടുംബത്തിലെ അംഗം കൂടിയാണ് രഹാന. ജൂലായ് 16-നാണ് ജി.എച്ച്. റോഡിലെ ഐഡിയൽ ജൂവലറിയിൽനിന്നും സ്വർണം കവർന്നത്. കോയമ്പത്തൂർ സ്വദേശിനിയാണെന്നും മലേഷ്യയിൽ സ്ഥിരതാമസമാണെന്നും പറഞ്ഞാണ് ഇവർ രാവിലെ കടയിലെത്തിയത്.
മൂന്ന് ജോഡി കമ്മലും ഒരു കൈച്ചെയിനും വാങ്ങിയിട്ട് 78000 രൂപയും നൽകി. അഞ്ചുപവൻ തൂക്കംവരുന്ന മറ്റൊരു മാലയും നോക്കുകയും ചെയ്തു. വൈകീട്ട് ഭർത്താവുമൊത്തുവന്ന് വാങ്ങാമെന്ന് പറഞ്ഞ് അഡ്വാൻസും നൽകി പോയി. എന്നാൽ, രാത്രിയിൽ കടയിലെ സ്റ്റോക്ക് നോക്കിയപ്പോൾ രണ്ട് മാലകൾ കുറവുണ്ടെന്ന് കണ്ടെത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ജീവനക്കാരുടെ ശ്രദ്ധമാറിയ സമയത്ത് മാലകൾ ബാഗിൽ ഇടുന്നതുകണ്ടു. ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു. ശേഷം നടത്തിയ അന്വേഷണത്തിലാണ് രഹാന അറസ്റ്റിലായത്.
Discussion about this post