ആലപ്പുഴ: മങ്കി പോക്‌സ് പടർത്താൻ കാരണം എൽജിബിടിക്യൂഐ വിഭാഗമാണെന്ന തരത്തിൽ ആലപ്പുഴയിൽ വ്യാപകമായി പോസ്റ്ററുകൾ. പ്രൈഡ് അവയർനെസ് ക്യാമ്പയിൽ എന്ന പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. സ്വവർഗാനുരാഗം വൈകൃതമാണെന്നും അതിന് പ്രകൃതിയെ കൂട്ടുപിടിക്കുന്നത് എന്തിനാണെന്നതുൾപ്പെടെ ഉള്ള തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. അതേസമയം, പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത് ആരാണെന്നത് സംബന്ധിച്ച വിവരമില്ല.
ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. ആലപ്പുഴയിൽ ഞായറാഴ്ച നടക്കാനിരുന്ന പ്രൈഡ് മാർച്ചിന് മുന്നോടിയായാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ആലപ്പുഴ ടൗണിലുള്ള ചെത്തുതൊഴിലാളി യൂണിയൻ ഹാളിൽ പ്രൈഡ് മാർച്ചിന് മുന്നോടിയായി സെമിനാറുകൾ സംഘടിപ്പിച്ചിരുന്നു. ഈ ഹാളിന്റെ മതിലുകളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.
പോസ്റ്റർ ആരാണ് പതിപ്പിച്ചതെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ഉൾപ്പെടുത്താതെയാണ് തെരുവുകളിൽ വ്യാപകമായി പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.
#protectfamilyvalues എന്ന ഹാഷ്ടാഗും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഴവില്ലിനെ അപഹരിക്കുന്നത് നിർത്തണമെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. കൂടാതെ സ്വവർഗാനുരാഗികളായവരിലാണ് മങ്കിപോക്സ് വ്യാപകമായി പ്രചരിക്കുന്നത് എന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ നേരത്തെ വന്നിരുന്നു.
കേരളത്തിൽ എൽജിബിടി വിഭാഗത്തിനെതിരായ പോസ്റ്ററുകൾ പതിപ്പിച്ച സംഭവത്തെ അപലപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത സാമൂഹിക വിരുദ്ധരാണ് പ്രവർത്തിക്ക് പിന്നിലെന്നായിരുന്നു ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരിയുടെ പ്രതികരിച്ചത്.
മങ്കി പോക്‌സ് വൈറസ് ബാധിച്ച ആരുമായും അടുത്തിടപഴകുന്നത് രോഗം പകരാനിടയാകുമെന്നിരിക്കെ ഗേ, ബൈസെക്ഷ്വൽ എന്നിവരിലൂടെയാണ് രോഗം പടരുന്നതെന്ന വാർത്തകൾ പ്രചരിച്ചത് അപലപിക്കപ്പെട്ടിരുന്നു. ഇതിനെതിരെ വിമർശനവുമായി ഐക്യരാഷ്ട്രസഭയുൾപ്പെടെ രംഗത്തെത്തിയിരുന്നു.