കൊല്ലങ്കോട്: കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പോലീസ് സ്‌റ്റേഷൻ വളപ്പിലുള്ള ജീവനക്കാരുടെ ക്വാർട്ടേഴ്സിലാണ് ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തി. ചിറ്റൂർ വിളയോടി വടുകത്തറ പരേതനായ ശിവശങ്കരന്റെ മകൻ ശ്രിൽസൺ (40) നെയാണ് ശനിയാഴ്ച വൈകീട്ട് ആറരയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഒരുവർഷംമുമ്പാണ് ഷോളയൂരിൽനിന്നും ശ്രിൽസൺ കൊല്ലങ്കോട് സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയത്. നിലവിൽ കൊല്ലങ്കോട് സ്റ്റേഷനിൽ പാസ്പോർട്ട് വെരിഫിക്കേഷൻ ജോലി നോക്കിവരികയാണ്.
പോലീസ് ക്വാർട്ടേഴ്സിലെ മുറിയുടെ ഫാനിലാണ് തൂങ്ങിയനിലയിൽ മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. ‘ഞാൻ പോകുന്നു എല്ലാവർക്കും നന്ദി’ എന്നെഴുതിയ ആത്മഹത്യ കുറിപ്പ് മൃതദേഹത്തിനരികിൽനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച ജോലികഴിഞ്ഞുപോയ ശ്രിൽസണ് വെള്ളിയാഴ്ച ഡ്യൂട്ടി ഉണ്ടായിരുന്നില്ല. പിന്നീട് ശനിയാഴ്ച രാവിലെ സ്റ്റേഷനിലേക്ക് വന്നിരുന്നു. പിന്നീട് സ്റ്റേഷനിൽനിന്നും കാണാതായി. വീട്ടിൽനിന്നും സ്റ്റേഷനിൽനിന്നും വിളിച്ചെങ്കിലും ശ്രിൽസണിനെ ഫോണിൽ കിട്ടിയിരുന്നില്ല. തുടർന്ന്, വൈകീട്ട് ക്വാർട്ടേഴ്സിൽ പോലീസ് അന്വേഷിച്ചുചെന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അകത്തുനിന്ന് വാതിലടച്ച നിലയിലായിരുന്നു. ചിറ്റൂർ ഡിവൈ.എസ്.പി. സുന്ദരൻ, കൊല്ലങ്കോട് ഇൻസ്‌പെക്ടർ എ. വിപിൻദാസ്, മീനാക്ഷിപുരം ഇൻസ്‌പെക്ടർ എം. ശശിധരൻ തുടങ്ങിയവർ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
‘ഞാൻ പോകുന്നു എല്ലാവർക്കും നന്ദി’ എന്നെഴുതിയ ആത്മഹത്യ കുറിപ്പ് മൃതദേഹത്തിനരികിൽനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കട്ടിലിന് മുകളിൽ കസേര കയറ്റിവെച്ച് ഫാനിൽ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം. റെയിൽവേയിൽ ജോലിയുള്ള ഭാര്യ ലിനിയും കുട്ടികളുമൊത്ത് കുറേക്കാലം ഇവർ കൊല്ലങ്കോട്ടെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നെങ്കിലും ഇപ്പോൾ ലിനിയും കുട്ടികളും വിളയോടിയിലെ വീട്ടിലാണു താമസം.
അമ്മ: ചെമ്പകവല്ലി. മക്കൾ: ശ്രീനിഹ (ആറുവയസ്സ് ), ശ്രീഷ (ആറുമാസം). സഹോദരങ്ങൾ: ശ്രീജു, ശ്രീദേവി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Discussion about this post