കണ്ണൂർ: അമ്മയുടെ കറിൽ നിന്ന് ഇറങ്ങി സ്കൂൾ ബസിൽ കയറാൻ റെയിൽവെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കിഷോർ – ലിസി ദമ്പതികളുടെ മകൾ നന്ദിതയാണ് മരിച്ചത്.കണ്ണൂരിൽ ശനിയാഴ്ച രാവിലെ 7.45 ഓടെയാണ് അപകടം നടന്നത്.
കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവനിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു നന്ദിത. കണ്ണൂർ ഭാഗത്തേക്ക് വന്ന പരശുറാം എക്സ്പ്രസാണ് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. സ്കൂൾ ബസിൽ കയറാൻ രാവിലെ അമ്മയ്ക്കൊപ്പം കാറിൽ വന്ന വിദ്യാർഥിനി റെയിൽവെ ഗേറ്റ് അടച്ചിരിക്കുന്നതുകണ്ട് കാറിൽനിന്ന് ഇറങ്ങി റെയിൽവെ ട്രാക്ക് മുറിച്ച് കടന്നു. ഈ സമയം, ബാഗ് തീവണ്ടിയിൽ കുരുങ്ങി, ഇതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചത്.
സ്കൂൾ ബസ് പതിവായി എത്തുന്ന സ്ഥലത്തേക്ക് നടന്ന് പോകുകയായിരുന്നു അപകടം. അമ്മയുടെ കൺമുന്നിലാണ് അപകടം നടന്നത്. നാട്ടുകാർ ഉടൻതന്നെ കുട്ടിയെ എ.കെ.ജി ആശുപത്രിയിലും മിംസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിസിയുടെ ഭർത്താവ് നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.
Discussion about this post