കോഴിക്കോട്: മലപ്പുറം ജില്ലയിലെ താനൂരിൽ നിന്നും കാണാതായ മകനെ അപ്രതീക്ഷിതമായി കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നും കണ്ടെത്തി പിതാവ്. അഞ്ചു ദിവസം മുമ്പ് കാണാതായ മകനെയാണ് പിതാവിന് റെയിൽവേ സ്റ്റേഷനിൽനിന്ന് തിരിച്ചുകിട്ടിയത്. സ്‌കൂളിലേക്ക് പുറപ്പെട്ട 15 കാരനെ അഞ്ചുദിവസം മുൻപാണ് പുത്തനത്താണിയിൽനിന്ന് കാണാതായത്. കുട്ടിയെ കടത്തിക്കൊണ്ടുപോയ ആൾക്കൊപ്പമാണ് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ 18-ാം തിയതി രാവിലെ താനൂരിലെ വീട്ടിൽനിന്ന് സ്‌കൂളിലേക്ക് പോയ മകൻ തിരിച്ച് വരാതായതോടെയാണ് രക്ഷിതാക്കൾ അന്വേഷണം തുടങ്ങിയത്. കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇന്നലെ തെരച്ചിലിന്റെ ഭാഗമായി പിതാവ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് മകൻ മുന്നിലെത്തിയത്.
റെയിൽവേ സ്റ്റേഷന് മുന്നിൽ നിൽക്കുമ്പോൾ മകന്റെ കൈ പിടിച്ച് ഒരാൾ പോകുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് അയാളെ തടഞ്ഞുനിർത്തിയപ്പോൾ കുട്ടിയേ അവന്റെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോവുകയാണ് എന്ന മറുപടിയാണ് കിട്ടിയത്. തുടർന്ന് രക്ഷിതാവ് അയാളെ പിന്തുടരുകയും ടൗൺ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു.
കോഴിക്കോട് ടൗൺ പോലീസ് എത്തി കുട്ടിയെ കടത്തികൊണ്ടുപോവുകയായിരുന്ന കാസർകോട് ചെങ്കള സ്വദേശിയായ അബ്ബാസിനെ കസ്റ്റഡിയിൽ എടുക്കുകയും കൽപ്പകഞ്ചേരി പോലീസിന് കൈമാറുകയും ചെയ്തു. 18ാം തിയതി കോഴിക്കോട് കൊടുവള്ളിയിലുളള സുഹൃത്തിന്റെ വീട്ടിൽ എത്തിയിരുന്നു കുട്ടി. പിറ്റേ ദിവസം അവിടെനിന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് ട്രെയിനിൽ വെച്ച് അബ്ബാസെന്നയാൾ കുട്ടിയെ കടത്തിക്കൊണ്ട് പോയത്. പ്രതിയെ ചോദ്യം ചെയ്തപ്പോൾ ആദ്യം കുട്ടിയെ അറിയില്ലെന്നും പിന്നീട് ട്രെയിനിൽവച്ച് കണ്ടതാണെന്നുമാണ് ഇയാൾ മൊഴി നൽകിയത്.
പ്രാഥമിക അന്വേഷണത്തിൽ ഇയാൾക്കെതിരെ മറ്റ് എവിടേയും കേസുകൾ ഉള്ളതായോ നേരത്തെ ഏതെങ്കിലും കേസിൽപ്പെട്ടതായോ വിവരമില്ല. ഇയാൾ കുട്ടിയെ ഏതെങ്കിലും തരത്തിൽ ചൂഷണം ചെയ്തിട്ടോ എന്നറിയാൻ കുട്ടിയുടെ മൊഴി എടുക്കേണ്ടതുണ്ടെന്നു കൽപകഞ്ചേരി പോലീസ് അറിയിച്ചു.
നിലവിൽ ഇയാൾക്കെതിരെ കുട്ടിയെ തട്ടിക്കൊണ്ടുപോയതിനാണ് കേസ് എടുത്തത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷം മറ്റു വകുപ്പുകൾ കൂടി ചുമത്തുമെന്നും പോലീസ് അറിയിച്ചു.
Discussion about this post