എടപ്പാൾ: യാത്രയ്ക്കിടെ അച്ഛന്റെ വിയോഗമറിഞ്ഞ് പൊട്ടിക്കരഞ്ഞ് തളർന്ന സഹയാത്രികയെ ആശ്വസിപ്പിച്ച് സുരക്ഷിതയായി വീട്ടിലെത്തിച്ച അധ്യാപികയെ അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് നാടും നാട്ടുകാരും. യാതൊരു പരിചയവുമില്ലാത്ത യുവതിക്കാണ് വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപിക അശ്വതി തുണയായത്. നൂറിലേറെ കിലോമീറ്ററോളം ഒപ്പം സഞ്ചരിച്ചാണ് സഹയാത്രികയെ സുരക്ഷിതമായി വീട്ടിലെത്തിച്ചത്.
കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി. ബസിൽ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ഒറ്റയ്ക്കിരുന്ന് വിതുമ്പുകയായിരുന്നു യുവതി. അധ്യാപികമാരായ അശ്വതിയും മജ്മയും ജോലിസ്ഥലത്തേക്കു പോകാൻ വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ നിന്ന് ബസ് കയറി. ഈ സമയം, ഇടതുവശത്തെ സീറ്റിലിരുന്ന് അടക്കിപ്പിടിച്ച് കരയുന്ന യുവതിയെ കണ്ടെങ്കിലും ആദ്യം കാര്യമാക്കിയില്ല.
പാതിമുറിഞ്ഞ ഫോൺ സംഭാഷണത്തിന് ഒടുവിൽ കരച്ചിൽ ഉയർന്നതോടെ ഇരുവരും യുവതിക്കരികിലേയ്ക്ക് ഓടിയെത്തി. എറണാകുളത്തെ ഇൻഫോപാർക്കിലെ ജോലിക്കാരിയാണ് യുവതി. അച്ഛന്റെ രോഗവിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ഇടയ്ക്കുവെച്ച് അച്ഛന്റെ മരണവാർത്തയും എത്തി. ഇതോടെ സങ്കടം അടക്കിപ്പിടിക്കാൻ കഴിഞ്ഞില്ല. കണ്ണീർ അണപ്പൊട്ടിയൊഴുകി. ദുഃഖത്തിൽ ഒപ്പം ചേർന്ന അധ്യാപികമാർ യുവതിയെ ആശ്വസിപ്പിച്ചു. എറണാകുളത്തുനിന്ന് കയറുമ്പോൾത്തന്നെ യുവതി അടക്കിപ്പിടിച്ച് വിതുമ്പുകയായിരുന്നുവെന്ന് ബസ് ജീവനക്കാരും പറയുന്നു.
വളയംകുളത്ത് ബസ് എത്തിയെങ്കിലും അച്ഛൻ മരിച്ചതറിഞ്ഞ് തളർന്നുപോയ യുവതിയെ ഒറ്റയ്ക്ക് വിടാൻ അധ്യാപികമാർ തയ്യാറായില്ല. ഒരാൾ കൂടെപ്പോകാൻ തീരുമാനിച്ചു. മജ്മ ജോലിസ്ഥലത്ത് ഇറങ്ങി. അശ്വതി യുവതിക്കൊപ്പം തന്നെ കൂടി. കോഴിക്കോട്ടെത്തി പയ്യോളിയിലേക്ക് മറ്റൊരു ബസിൽക്കയറി വീട്ടുകാരുടെ കരങ്ങളിൽ ആ യുവതിയെ സുരക്ഷിതമായി ഏൽപ്പിച്ചാണ് അശ്വതി മടങ്ങിയത്.
വൈകുന്നേരത്തോടെയാണ് അശ്വതി നാട്ടിൽ തിരിച്ചെത്തിയത്. ഈ നന്മയ്ക്കാണ് നാടും കോളേജും നാട്ടുകാരും കൈയ്യടിക്കുന്നത്. കോളേജിലെ ജോലിത്തിരക്കോ അവധിയുടെ കാര്യമോ വീട്ടുകാരുടെ സമ്മതമോ ഒന്നുംനോക്കാതെ ഒപ്പംപോയ അധ്യാപികയ്ക്ക് കണ്ടക്ടറും പിന്തുണ നൽകുകയും ചെയ്തു.
Discussion about this post