കൊട്ടാരക്കര: അർധരാത്രിയിൽ 35 അടി താഴ്ചയുള്ള കിണറ്റിലേയ്ക്ക് വീണ പൂർണ്ണ ഗർഭിണിയായ തെരുവുനായ ജന്മം നൽകിയത് 6 കുഞ്ഞുങ്ങൾക്ക്. സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും കൈകോർത്തപ്പോൾ നായക്കുട്ടികളും അമ്മ നായയും സുരക്ഷിതമായി പുറത്തെത്തി. നീലേശ്വരം അമ്മുമ്മമുക്ക് തിരുവോണത്തിൽ ജി.ശശിധരൻ പിള്ളയുടെ വീട്ടുപറമ്പിലായിരുന്നു പൂർണ്ണ ഗർഭിണിയായ നായ വീണത്.
കുഴിച്ചിട്ടും കുഴിച്ചിട്ടും വെള്ളം കാണാത്തതിനാൽ ഉപേക്ഷിച്ച കിണറ്റിലാണ് നായ വീണത്. കുരകേട്ടുണർന്ന വീട്ടുകാരാണ് കിണറ്റിൽ അകപ്പെട്ട നായയെ കണ്ടത്. പിന്നാലെ നായ പ്രസവിച്ചതായും കണ്ടു. ഉടനടി നാട്ടുകാരെ വിവരം അറിയിച്ചു. ഒപ്പം അഗ്നിരക്ഷാസേനയെയും. പാഞ്ഞെത്തിയ അഗ്നിരക്ഷാസേന കിണറ്റിലേക്ക് വലയിറക്കി അമ്മ നായയെ ആദ്യം പുറത്തെടുത്തു. പിന്നെ വലിയ ഏണി കിണറ്റിലേക്കിറക്കി സേനാംഗം ഇറങ്ങി.
ശേഷം, ചാക്കിനുള്ളിൽ ആറ് കുഞ്ഞുങ്ങളെയും പുറത്തെത്തിച്ചു. വാലാട്ടിയും അമർത്തി മൂളിയും സ്നേഹപ്രകടനവുമായി അമ്മ ഓടിയെത്തി. ക്ഷീണമകറ്റാൻ വീട്ടുകാർ നൽകിയ പാൽ ആർത്തിയോടെ നക്കിക്കുടിച്ചു. പിന്നെ ആറ് കുഞ്ഞുങ്ങളെയും ചേർത്തുകിടത്തി പാൽ നൽകുകയും ചെയ്തു. രണ്ടു കറുപ്പും നാലും വെളുപ്പും നിറമുള്ള കുഞ്ഞുങ്ങൾക്കാണ് നായ ജന്മം നൽകിയത്.