വൈശാഖിന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകും: സഹായഹസ്തവുമായി നടി മെഡോണ

തിരുവനന്തപുരം: ക്രിക്കറ്റ് സ്വപ്‌നങ്ങളിലേക്ക് വൈശാഖിനെ ഇനി സിനിമാതാരം മെഡോണ കൈപിടിച്ചുയര്‍ത്തും. വൈശാഖിന്റെ ദുരിതം കേട്ടറിഞ്ഞാണ് സഹായഹസ്തവുമായി നടി മെഡോണ സെബാസ്റ്റിനെത്തിയത്.

കേരള ടെന്നീസ് ബോള്‍ ക്രിക്കറ്റിലെ മിന്നും താരമാണ് തിരുവനന്തപുരം സ്വദേശിയായ വൈശാഖ്. അമ്മയില്ല, അച്ഛന്‍ പ്രായമായി ജോലിക്കൊന്നും പോകാന്‍ സാധിക്കില്ല. വൈശാഖ് ചെയ്യുന്ന അല്ലറചില്ലറ ജോലികൊണ്ടാണ് കുടുംബം പുലരുന്നത്. ഒരു ക്രിക്കറ്റ് താരത്തിന് വേണ്ട ഡയറ്റോ ജിമ്മിലെ വ്യായമോ ഒന്നും ലഭിക്കാന്‍ തക്ക സാഹചര്യമായിരുന്നില്ല. ഈ അവസ്ഥ കണ്ടറിഞ്ഞാണ് മെഡോണ വൈശാഖിന്റെ സ്‌പോണ്‍സറാകാന്‍ തയാറാകുന്നത്.

സിനിമാക്കഥപോലെയാണ് മെഡോണ വൈശാഖിന്റെ ജീവിതത്തിലേക്ക് സ്‌പോണ്‍സറായി എത്തിയതെന്ന് വൈശാഖിന്റെ കോച്ചും മുന്‍ക്രിക്കറ്റ് താരവുമായ റൈഫി ഗോമസ് പറയുന്നു.

കൃത്യമായ ട്രെയിനിങ്ങ് ലഭിച്ചാല്‍ മുന്‍നിരക്രിക്കറ്റിലെ മികച്ച കളിക്കാരിലൊരാളാകാന്‍ വൈശാഖിന് സാധിക്കും. ഒരിക്കല്‍ എജിഎസ് ക്രിക്കറ്റ് അക്കാദമയിലെ അംഗം ഷാനു വൈശാഖിന്റെ കളി കാണാനിടയായി. ഷാനുവാണ് വൈശാഖിനെക്കുറിച്ച് എന്നോട് പറയുന്നത്.

വൈശാഖിന്റെ ബോളിങ്ങ് സ്പീഡും കായികക്ഷമതയും എന്നെ അത്ഭുതപ്പെടുത്തി. നല്ല പരിശീലനം നല്‍കിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് തന്നെ മികച്ച മുതല്‍ക്കൂട്ടാകാന്‍ വൈശാഖിന് സാധിക്കും. അടുത്തറിഞ്ഞപ്പോഴാണ് വൈശാഖിന്റെ ജീവിതസാഹചര്യം മനസിലാകുന്നത്. ഇഞ്ചക്കലില്‍ നിന്നും അക്കാദമിയിലേക്ക് സൈക്കളിലാണ് വന്നിരുന്നത്.

ഇതോടെയാണ് ഭാര്യയുടെ അടുത്ത സുഹൃത്തായ മെഡോണയോട് വൈശാഖിനെ കുറിച്ച് പറയുന്നത്. വൈശാഖിന്റെ അവസ്ഥ കേട്ടയുടന്‍ മെഡോണ ഇങ്ങോട്ട് സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാണെന്ന് പറയുകയായിരുന്നു. രണ്ട് വര്‍ഷത്തേക്കുള്ള വൈശാഖിന്റെ എല്ലാ ചിലവും വഹിക്കുന്നത് മെഡോണയാണ്. അപ്രതീക്ഷിതമായി കൈവന്ന ഒരു ഭാഗ്യമാണിത് റൈഫിയും പറഞ്ഞു.

Exit mobile version